അര്‍ജന്റൈന്‍ സൂപ്പര്‍ താരം റോഡ്രിഗോ ഡി പോള്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ബോഡിഗാര്‍ഡെന്നാണ് പൊതുവെ അറിയപ്പെടുന്നത്. കളിക്കളത്തിന് അകത്തും പുറത്തും മെസിയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കുന്നതാണ് ആരാധകര്‍ താരത്തിന് ഈ വിശേഷണം നല്‍കിയത്. പിന്നീട് തന്റെ കരിയറിന്റെ പ്രൈം ടൈമില്‍ മെസിയ്ക്ക് ഒപ്പം കളിക്കാന്‍ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയാതോടെ താരം ഈ വിശേഷണം ഒന്നുകൂടി അന്വര്‍ഥമാക്കി.
ഇപ്പോള്‍ താരത്തിനെ സംബന്ധിച്ച മറ്റൊരു വസ്തുതയാണ് ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുന്നത്. ഡി പോളിന് കരിയറില്‍ ഇതുവരെ ആറ് കിരീടങ്ങളുണ്ട്. ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക, ഫൈനലിസിമ, ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പ്, എം.എല്‍.എസ് കപ്പ് എന്നിവയാണ് താരത്തിന്റെ കിരീട നേട്ടങ്ങള്‍. അവയെല്ലാം മെസിക്കൊപ്പമാണ് എന്നതാണ് കൗതുകം.
കോപ്പ അമേരിക്ക കപ്പുമായി ലയണൽ മെസിയും റോഡ്രിഗോ ഡി പോളും. Photo: brfootball/x.com
അര്‍ജന്റീന ടീമിലും ഇന്റര്‍ മയാമിയിലുമാണ് മെസിക്കൊപ്പം ഡി പോള്‍ കപ്പുയര്‍ത്തിയത്. താരം കരിയറിലെ തന്റെ ആദ്യ കപ്പുയര്‍ത്തിയത് 2020 – 2021 കോപ്പ അമേരിക്കയിലാണ്. അന്ന് ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ജേതാക്കളായത്. പിന്നീട് അര്‍ജന്റീനക്കൊപ്പം തന്നെ തന്റെ രണ്ടാം കപ്പും ഡി പോള്‍ സ്വന്തമാക്കി.
ഫൈനലിസിമയില്‍ അര്‍ജന്റീന ജേതാക്കളായതോടെയാണ് ഡി പോള്‍ മറ്റൊരു കിരീടത്തില്‍ മുത്തമിട്ടത്. അന്ന് ഫൈനലില്‍ ഇറ്റലിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഈ കിരീട നേട്ടം.
ലോകക്കപ്പുമായി റോഡ്രിഗോ ഡി പോൾ. Photo: AllaboutArgentina/x.com
പിന്നാലെ, ആ വര്‍ഷം തന്നെ അര്‍ജന്റീനക്കൊപ്പം ലോകകപ്പും ഡി പോള്‍ നേടി. 2022ല്‍ ഡിസംബറില്‍ ഫ്രാന്‍സിനെ പെനാല്‍റ്റിയിലൂടെ തോല്‍പ്പിച്ചപ്പോള്‍ അര്‍ജന്റീന ടീമില്‍ മെസിക്കൊപ്പം താരം പങ്കാളിയായി.
ഈ കിരീടത്തിന് ശേഷം മറ്റൊരു കോപ്പ അമേരിക്കയാണ് ഡി പോള്‍ മെസിക്കൊപ്പം സ്വന്തമാക്കിയത്. 2023 – 24ലാണ് അര്‍ജന്റീന വീണ്ടും കോപ്പ ജേതാക്കളായത്. അന്ന് കൊളംബിയയായിരുന്നു ടീമിന്റെ എതിരാളികള്‍.
എം.എൽ.എസ് കപ്പുമായി റോഡ്രിഗോ ഡി പോൾ. Photo: InterMiamiNewsHub/x.com
ഡി പോളിന്റെ ബാക്കി രണ്ട് കിരീടങ്ങള്‍ മേജര്‍ ലീഗ് സോക്കറില്‍ (എം.എല്‍.എസ്) ഇന്റര്‍ മയാമിക്കൊപ്പമാണ്. അതാകട്ടെ നേടിയത് ഈ വര്‍ഷവും. മയാമിക്കൊപ്പം 2025 നവംബറില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സും ഡിസംബറില്‍ എം.എല്‍.എസ് കപ്പും താരം തന്റെ അക്കൗണ്ടിലെത്തിച്ചു. ഇതെല്ലാം മെസിയുള്ള ടീമിനൊപ്പമായിരുന്നു എന്നത് താന്‍ ഇതിഹാസത്തിന്റെ ബോഡി ഗാര്‍ഡാണെന്ന് ഒരിക്കല്‍ കൂടി ഊട്ടി ഉറപ്പിക്കുകയാണ്.
Content Highlight: Rodrigo de Paul won all 6 trophies in his career while playing alongside Lionel Messi