| Tuesday, 28th July 2026, 12:59 pm

ആ ഇതിഹാസതാരത്തിന്റെ ബാറ്റിങ് ശൈലിയാണ് വൈഭവിനും; റോബിന്‍ ഉത്തപ്പ

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ യുവ ഓപ്പണര്‍ വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ. വൈഭവ് എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കി എതിര്‍ ബൗളര്‍മാര്‍ എങ്ങനെ തന്ത്രം മെനയുന്നതെന്ന് ഇതുവരെ കണ്ടിട്ടില്ലെന്നും അതിന് കുറച്ച് സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇതിഹാസ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെ പോലെയാണ് വൈഭിന്റെ ബാറ്റിങ് ശൈലിയെന്നും ഉത്തപ്പ പറഞ്ഞു.

‘വൈഭവ് എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കി ബൗളര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്നത് ഇതുവരെ കണ്ടിട്ടില്ല. അവന്‍ ബാറ്റ് ചെയ്യുന്ന രീതിയുമായി എല്ലാവരും ഇപ്പോഴാണ് പൊരുത്തപ്പെടാന്‍ തുടങ്ങുന്നത്. അതിനാല്‍ കുറച്ചുകാലം കൂടി കാത്തിരുന്ന് കാണേണ്ടിവരും. കാരണം, ബ്രാഡ്മാന്‍ ഇതേ രീതിയില്‍ ബാറ്റ് ചെയ്തപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ എതിരാളികള്‍ ‘ബോഡിലൈന്‍’ തന്ത്രമാണ് സ്വീകരിച്ചത്. എല്‍.ബി.ഡബ്ല്യുവില്‍ പുറത്താകാന്‍ വളരെ കുറച്ച് അവസരം നല്‍കുന്ന ബ്രാഡ്മാന്റെ സാങ്കേതികതയോട് സാമ്യമുള്ള ബാറ്റിങ് ശൈലിയാണ് വൈഭവിനും ഉള്ളത്,’ കോംബോക്‌സ് ടി.വി യൂട്യൂബ് ചാനലില്‍ ഉത്തപ്പ പറഞ്ഞു.വൈഭവ് സൂര്യവംശി

അതേസമയം സിംബാബ്‌വേക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന അവസാന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വേ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു.

അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യക്കായി തിളങ്ങിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.

പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വൈഭവ് 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. രണ്ടാം മത്സരത്തില്‍ 20 റണ്‍സും താരം നേടി.

Content Highlight: Robin Uthappa Talking About Young Indian Player Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more