2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.
എന്നാല്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ ഇന്ത്യ സ്‌ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. ഇതോടെ പല താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ശ്രേയസ് അയ്യരെ ഇന്ത്യ ഒഴിവാക്കിയതിനെക്കുറിച്ച് എക്‌സില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.
ഇന്ത്യ അടുത്ത ടി-20 ലോകകപ്പ് കളിക്കുന്നതിന് മുമ്പ് ഏകദേശം 18 ടി-20 മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വിജയിക്കാന്‍ സഹായിച്ച ശ്രേയസ് ടീമില്‍ ഇല്ലാത്തത് വിചിത്രം ആണെന്നും ഉത്തപ്പ പറഞ്ഞു. മാത്രമല്ല താരം ഉടന്‍ ടീമില്‍ എത്തും എന്ന് പ്രതീക്ഷിക്കാമെന്നും അതിന് അവന്‍ അര്‍ഹനാണെന്നും ഉത്തപ്പാ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ അടുത്ത #T20WC കളിക്കുന്നതിന് മുമ്പ് ഏകദേശം 18 T20 മത്സരങ്ങള്‍ ബാക്കിയുണ്ട്; CT (ചാമ്പ്യന്‍സ് ട്രോഫി ജയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച #ShreyasIyer ഇല്ലാത്തത് വിചിത്രമായി തോന്നുന്നു. പക്ഷേ, അദ്ദേഹം ഈ ടീമിലേക്ക് ഉടന്‍ തന്നെ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, കാരണം അദ്ദേഹം അതിന് അര്‍ഹനാണ്! അദ്ദേഹത്തെ ഒഴിവാക്കുന്നതിനെക്കുറിച്ച് അവര്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ റോബിന്‍ ഉത്തപ്പ തന്റെ എക്‌സില്‍ എഴുതി.
2025 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ ആയിരുന്ന ശ്രേയര്‍ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ ഫൈനലില്‍ എത്തി ക്യാപ്റ്റനാണ് അയ്യര്‍. മാത്രമല്ല സീസണില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 175.5 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 604 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 2023 ഓസ്‌ട്രേലിയക്ക് എതിരായിരുന്നു അയ്യരുടെ അവസാന ടി-20. 51 മത്സരങ്ങളില്‍ നിന്ന് 136.12 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 1104 റണ്‍സ് ആണ് താരം നേടിയത്.
മാത്രമല്ല കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം അയ്യരായിരുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്നും 243 റണ്‍സാണ് ഇന്ത്യക്കുവേണ്ടി താരം നേടിയത്.
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്
Content Highlight: Robin Uthappa Talking About Shreyas Iyer