സഞ്ജു സാംസണെ പോലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനും അനാവശ്യമായ വിമര്‍ശനങ്ങള്‍ ഏറ്റവുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.
സഞ്ജുവിനെ പോലെ രാഹുലും കരിയറില്‍ നിരവധി തവണ ടീമിലെ സ്ഥാനമാറ്റങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.
റോബിന്‍ ഉത്തപ്പ
ദീപക് ഗോയലിന്റെ കോംബോക്‌സ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കെ.എല്‍. രാഹുലിന്റെ ഷോട്ടുകളെ നേരിടുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അദ്ദേഹവും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകുന്ന കാര്യത്തില്‍ സഞ്ജു സാംസണിന്റെ കുറച്ചുകൂടി മൃദുവായ പതിപ്പാണ് അദ്ദേഹം.
ഒരു ക്രിക്കറ്ററെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, അതിനെയെല്ലാം അദ്ദേഹം നേരിട്ടത് വലിയ മാന്യതയോടെയാണ്.
കെ.എൽ. രാഹുൽ. Photo: BCCI/x.com
നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും മികച്ച സാങ്കേതിക മികവുള്ള ബാറ്ററാണ് അദ്ദേഹം. എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം അദ്ദേഹം എപ്പോഴും സ്വയം ഏറ്റെടുത്തിരുന്നു.
തെറ്റുകള്‍ വരുത്തിയപ്പോഴും അദ്ദേഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമായിരുന്നു. കൗതുകമുണര്‍ത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. അതേസമയം, ഏറെ ഇഷ്ടം തോന്നുന്ന ഒരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം,’ ഉത്തപ്പ പറഞ്ഞു.
ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ രാഹുല്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്നും, ഭാവിയില്‍ അജിന്‍ക്യ രഹാനെയ്ക്ക് ലഭിക്കുന്ന ബഹുമാനവും രോഹിത് ശര്‍മയ്ക്ക് ലഭിക്കുന്ന സ്‌നേഹവും അദ്ദേഹത്തിന് ലഭിക്കുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.
കെ.എൽ. രാഹുൽ. Photo: BCCI/x.com
‘ക്രിക്കറ്റില്‍ നിലനില്‍ക്കാനും മികവ് പുലര്‍ത്താനും ആവശ്യമായ ഒരു കഴിവ് വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന വൈവിധ്യവും മികവും അസാധാരണമാണ്. അതിനായി അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.
ഇന്ന് അദ്ദേഹത്തെ കണ്ടാല്‍ സ്വാഭാവികമായ കഴിവില്ലാതെ പരിശീലനത്തിലൂടെ മാത്രം വിക്കറ്റ് കീപ്പറായ ഒരാളാണെന്ന് തോന്നില്ല. അത്രത്തോളം കഠിനാധ്വാനമാണ് അദ്ദേഹം അതിനായി നടത്തിയിട്ടുള്ളത്.
അദ്ദേഹത്തില്‍ ഇനിയും വലിയ സാധ്യതകളുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായി അദ്ദേഹം തുടരും. വരും വര്‍ഷങ്ങളില്‍, അജിന്‍ക്യ രഹാനെയ്ക്ക് ലഭിക്കുന്നതുപോലെയുള്ള ആദരവ് അദ്ദേഹത്തിനും ലഭിക്കുന്ന ഘട്ടത്തിലേക്ക് അദ്ദേഹം മാറുമെന്നാണ് ഞാന്‍ കരുതുന്നത്. വിരമിച്ചപ്പോള്‍ രോഹിത് ശര്‍മയ്ക്ക് ലഭിച്ച അതേ സ്‌നേഹവും അദ്ദേഹത്തിനും ലഭിച്ചേക്കാം,’ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
Content highlight: Robin Uthappa says that, like Sanju Samson, KL Rahul too has had to face unnecessary criticism.