| Monday, 22nd December 2025, 1:06 pm

സഞ്ജുവല്ല ഓപ്പണിങ്ങില്‍ വേണ്ടത്; ഗില്ലിനെ പിന്തുണച്ച് റോബിന്‍ ഉത്തപ്പ

ശ്രീരാഗ് പാറക്കല്‍

മോശം ഫോം ഉണ്ടെങ്കിലും ടി-20യില്‍ ഇന്ത്യയുടെ ഓപ്പണിങ് റോളില്‍ ശുഭ്മന്‍ ഗില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഓപ്പണിങ് കോമ്പിനേഷനെക്കുറിച്ച് തനിക്ക് വ്യക്തിപരമായി ഒന്നും പറയാനില്ലെന്നും സഞ്ജു മൂന്നാം സ്ഥാനത്തും തിലക് നാലാം സ്ഥാനത്തും സൂര്യ അഞ്ചാം സ്ഥാനത്തും ബാറ്റ് ചെയ്യുന്നത് കാണാനാണ് തനിക്ക് ഇഷ്ടമെന്നും ഉത്തപ്പ പറഞ്ഞു. മാത്രമല്ല കഴിഞ്ഞ ടി-20 ലോകകപ്പില്‍ വിരാട് കോഹ്‌ലി വഹിച്ച പങ്കിന് സമാനമായിരിക്കും ഗില്‍ വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുഭ്മന്‍ ഗില്‍

‘ഓപ്പണിങ് കോമ്പിനേഷനെക്കുറിച്ച് എനിക്ക് വ്യക്തിപരമായി ഒന്നും പറയാനില്ല. സഞ്ജു മൂന്നാം സ്ഥാനത്തും തിലക് നാലാം സ്ഥാനത്തും സൂര്യ അഞ്ചാം സ്ഥാനത്തും ബാറ്റ് ചെയ്യുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. പവര്‍പ്ലേയ്ക്ക് ശേഷം സൂര്യകുമാര്‍ യാദവ് തന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നു. തിലക് വര്‍മയ്ക്ക് ഈ ടീമില്‍ നിര്‍ണാകമായ പങ്ക് വഹിക്കുന്നു. അതുകൊണ്ട് നാലാം സ്ഥാനത്ത് തിലകാണ് മികച്ച ഓപ്ഷന്‍.

ഈ ലൈന്‍ അപ്പില്‍ ഓപ്പണര്‍മാര്‍ക്കും മൂന്നാം സ്ഥാനക്കാര്‍ക്കും മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കും. ഇന്ത്യയ്ക്ക് ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്ന ഷീറ്റ്-ആങ്കര്‍ റോള്‍ വഹിക്കാന്‍ ശുഭ്മന്‍ ഗില്ലിനെപ്പോലുള്ള ഒരാളെ നിങ്ങള്‍ക്ക് ലഭിക്കും, അങ്ങനെ മറ്റെല്ലാവര്‍ക്കും അദ്ദേഹത്തോടൊപ്പം ആക്രമണാത്മകമായി കളിക്കാന്‍ കഴിയും.

മാത്രമല്ല ഇന്ത്യയ്ക്ക് ഹൈപ്പര്‍-അഗ്രസീവ് ബാറ്റിങ് ടെംപ്ലേറ്റ് ഉപയോഗിക്കാന്‍ കഴിയും, അതേസമയം ഗില്‍ 140 മുതല്‍ 150 വരെ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നു, അവിടെയാണ് അദ്ദേഹം അഭിവൃദ്ധി പ്രാപിക്കുന്നത്. കഴിഞ്ഞ ടി-20 ലോകകപ്പില്‍ വിരാട് കോഹ്‌ലി വഹിച്ച പങ്കിന് സമാനമാണിത്,’ ജിയോസ്റ്റാര്‍ പ്രസ് റൂമില്‍ ഉത്തപ്പ പറഞ്ഞു.

സ്ഞജു സാംസണ്‍, ശുഭ്മന്‍ ഗില്‍

അതേസമയം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയായിരുന്നു 2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചത്. മോശം ഫോമിനെ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്.

ഇതോടെ ഏറെ അവഗണകള്‍ക്ക് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് തന്റെ ഓപ്പിങ് സ്ഥാനം തിരിച്ച് ലഭിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്ന് വെറും 36 റണ്‍സായിരുന്നു ഗില്‍ നേടിയത്. എന്നാല്‍ അഞ്ചാം മത്സരത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സാണ് അടിച്ചെടുത്തത്.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: Robin Uthappa says Shubman Gill should continue to open and Sanju Samson should play at number three

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more