| Saturday, 27th December 2025, 10:57 pm

ആരെന്ത് പറഞ്ഞാലും സഞ്ജു തന്നെ ഓപ്പണാറായാല്‍ മതി; കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ഉത്തപ്പ

ഫസീഹ പി.സി.

ടി – 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ തന്നെ അഭിഷേക് ശര്‍മയോടൊപ്പം ഇന്ത്യയുടെ ഓപ്പണര്‍ ആകണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. 2024 ലോകകപ്പിന് ശേഷം സെഞ്ച്വറി നേടിയ താരങ്ങളില്‍ ഒരാളാണ് സഞ്ജുവെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ സെഞ്ച്വറി യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

റോബിന്‍ ഉത്തപ്പ. Photo: ThodaSaSanskari/x.com

‘എന്തൊക്കെ സംഭവിച്ചാലും സഞ്ജു തന്നെ ടി – 20 ലോകകപ്പില്‍ ഓപ്പണറാവണം. അത് എന്ത് കൊണ്ടാണെന്ന് ഞാന്‍ പറയാം. അവന്‍ 2024ലെ ലോകകപ്പ് വിജയത്തിന് ശേഷം സെഞ്ച്വറി അടിച്ച താരങ്ങളില്‍ ഒരാളാണ്. സൗത്ത് ആഫ്രിക്കക്കയില്‍ അവന്‍ തുടരെ തുടരെ സെഞ്ച്വറി നേടി.

ബംഗ്ലാദേശിനെതിരെയും ഈ പ്രകടനം ആവര്‍ത്തിച്ചു. അവന്റെ ഈ പ്രകടനം യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. സഞ്ജുവിന് സെഞ്ച്വറി നേടാന്‍ സാധിക്കുമെങ്കില്‍ തങ്ങള്‍ക്കും സാധിക്കുമെന്ന ചിന്താഗതി അവരില്‍ ഉണ്ടാക്കി,’ ഉത്തപ്പ പറഞ്ഞു.

സഞ്ജു സാംസൺ. Photo: Team Samson/x.com

സഞ്ജു – അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ അവര്‍ എന്ത് തെറ്റായിരുന്നു ചെയ്തതാണെന്നും അദ്ദേഹം ചോദിച്ചു. അവരുടെ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ഗുണം ചെയ്താ ഒന്നായിരുന്നു. ഒരു ബാറ്റര്‍ എന്ന നിലയിലുള്ള സഞ്ജുവിന്റെ മികവ് പ്ലെയിങ് ഇലവനില്‍ സ്ഥിരത നല്‍കാന്‍ സാധിക്കും.

കൂടാതെ, ടീമിനെ മുന്നോട്ട് നയിക്കാനും അവന് സാധിക്കും. ഒരു പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ കളിക്കണമെന്ന് സഞ്ജുവിന് അറിയാമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

2026 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ടി – 20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഇടം പിടിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ മാറ്റി സഞ്ജുവിനെ തിരികെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ട് വന്നതായിരുന്നു ടീം പ്രഖ്യാപനം. പിന്നാലെ, ചില കോണില്‍ നിന്ന് ഗില്‍ തന്നെ ടീമില്‍ തുടരണമായിരുന്നുവെന്നും ടീമില്‍ ഇടം നേടിയ ഇഷാന്‍ കിഷന്‍ ഓപ്പണറാകണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തപ്പയുടെ പ്രതികരണം.

Content Highlight: Robin Uthappa backs Sanju Samson as Indian team opener in T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more