സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിന്റെ മോശം പ്രകടനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. സ്ഥിരതയുള്ള പ്രകടനം പ്രതീക്ഷിച്ചെങ്കിലും രാഹുലിന് പരമ്പരയിലെ നാല് ഇന്നിങ്‌സില്‍ നിന്ന് വെറും 68 റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.
അനുഭവസമ്പത്തുള്ള സീനിയര്‍ താരമായിരുന്നിട്ടും രാഹുല്‍ പ്രോട്ടിയാസിനെതിരെ പരാജയപ്പെട്ടെന്ന് ഉത്തപ്പ ചൂണ്ടിക്കാട്ടി. മാത്രമല്ല സീനിയര്‍ താരമെന്നത് പരിഗണിക്കാതെ തന്നെ രാഹുല്‍ തന്റെ സ്ഥാനം നിലനിര്‍ത്തുന്നതിമന് വേണ്ടി മികച്ച പ്രകടനം നടത്തേണമെന്നും മുന്‍ താരം പറഞ്ഞു.
‘ടീമിലെ ഒരു സീനിയര്‍ താരമെന്ന നിലയിലും അദ്ദേഹം പരാജയപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിചയസമ്പത്ത് പരിഗണിക്കാതെ സ്വന്തം സ്ഥാനം ഉറപ്പാക്കാന്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ടത് നിര്‍ണായകമാണ്. ഇതുപോലുള്ള മറ്റൊരു പരമ്പര അദ്ദേഹത്തിന് ലഭിച്ചാല്‍ അത് മോശം പ്രകടനമാണെങ്കില്‍, അവരുടെ ക്ഷമ നശിക്കും.
സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ടെസ്റ്റ് ടീമിലെ തന്റെ റോളില്‍ രാഹുലിന് പൊരുത്തക്കേടുകളും നിരന്തരമായ മാറ്റങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, പലപ്പോഴായി പൊസിഷന്‍ മാറിയപ്പോഴും അദ്ദേഹത്തിന്റെ കണക്കുകള്‍ ശ്രദ്ധേയമാണ്. ടെസ്റ്റ് കരിയറില്‍ അദ്ദേഹം ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്,’ ഉത്തപ്പ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 118 ഇന്നിങ്‌സില്‍ നിന്ന് 4053 റണ്‍സാണ് താരം നേടിയത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രാഹുല്‍ നേടിയിട്ടുണ്ട്. 35.9 എന്ന ആവറേജും 51.9 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് രാഹുലിനുള്ളത്. റെഡ് ബോളില്‍ 11 സെഞ്ച്വറിയും 20 അര്‍ധസെഞ്ച്വറിയും രാഹുല്‍ നേടിയിട്ടുണ്ട്.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന്റെ വിടവില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. നാളെ (നവംബര്‍ 30ന്) റാഞ്ചിയിലാണ് മത്സരം ആരംഭിക്കുന്നത്.
പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടീമിലുള്ളത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ്.
Content Highlight: Robin Uthappa Criticize K.L Rahul For Poor Performance Against South Africa In Test