ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ ഫുട്‌ബോള്‍ ലോകത്ത് കുതിക്കുന്നത്. 923 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടമാണ് താരത്തിന്റെ അടുത്ത ലക്ഷ്യം. സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് റോണോ നിലവില്‍ കളിക്കുന്നത്.
റൊണാള്‍ഡോയെ ഇപ്പോളും പോര്‍ച്ചുഗലിന്റെ നാഷണല്‍ ടീമില്‍ കളിപ്പിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് പോര്‍ച്ചുഗല്‍ ടീം ഹെഡ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്. വ്യക്തിഗത കഴിവും അനുഭവവും മനോഭാവവുമെല്ലാം കണക്കിലെടുത്താണ് റോണോയെ ഇപ്പോളും ടീമില്‍ കളിപ്പിക്കുന്നതെന്ന് മാര്‍ട്ടിനസ് പറഞ്ഞു. മാത്രമല്ല റോണാള്‍ഡോ ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണെന്നും അദ്ദേഹം പറഞ്ഞു.
‘വര്‍ഷങ്ങളായി കളിക്കാരുടെ മൂന്ന് അടിസ്ഥാന വശങ്ങളെ വിലയിരുത്താന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അവരുടെ വ്യക്തിഗത കഴിവ്, അവരുടെ അനുഭവം, അവരുടെ മനോഭാവവും പ്രതിബദ്ധതയൊക്കെയാണത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലുള്ള ഒരു കളിക്കാരനെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍ ഈ മൂന്ന് അടിസ്ഥാന വശങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്.
അദ്ദേഹത്തിന്റെ കഴിവ് നിഷേധിക്കാനാവാത്തതാണ്, അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ അനുഭവവും അതുല്യമാണ്, ആറ് യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും 200ലധികം അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ച ഒരേയൊരു കളിക്കാരന്‍. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അവരുടെ പ്രതിബദ്ധതയാണ്.
പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അത്രയും വലുതാണ്. അത് മുഴുവന്‍ ടീമിനെയും പ്രചോദിപ്പിക്കുന്നു. ഇന്ന്, അദ്ദേഹം ടീമില്‍ ഉള്ളതിന്റെ കാരണം മുമ്പ് അവന്‍ എന്തായിരുന്നുവോ എന്നതിന് അനുസരിച്ചല്ല, മറിച്ച് അദ്ദേഹം ഇപ്പോഴും എന്താണ് ചെയ്യന്നത് എന്നതിന് അനുസരിച്ചാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ടീമിന് വേണ്ടി 21 കളികളില്‍ നിന്ന് 17 ഗോളുകള്‍ നേടിയ ടോപ് സ്‌കോററാണ് അവന്‍,’ റോബര്‍ട്ടോ മാര്‍ട്ടിനസ് ഓ ജോഗോയില്‍ പറഞ്ഞു.
Content Highlight: Roberto Martinez Talking About Cristiano Ronaldo