| Monday, 29th June 2026, 5:03 pm

ജോട്ടക്ക് വേണ്ടി ഞങ്ങള്‍ ലോകകപ്പ് നേടും: പോര്‍ച്ചുഗീസ് പരിശീലകന്‍

സുദേവ് എ

വാഹനാപകടത്തില്‍ മരണപ്പെട്ട ഡിയാഗോ ജോട്ടക്ക് വേണ്ടി 2026 ലോകകപ്പ് പോര്‍ച്ചുഗല്‍ നേടുമെന്ന് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്. പോര്‍ച്ചുഗല്‍ ടീമിന്റെ ഇപ്പോഴത്തെ നേട്ടങ്ങളില്‍ ജോട്ടക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ജോട്ടയുടെ ഓര്‍മക്ക് വേണ്ടി പോര്‍ച്ചുഗല്‍ ലോക കിരീടം നേടുമെന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് വ്യക്തമാക്കി.

‘പരിശീലന സമയങ്ങളില്‍ ഡിയാഗോ ജോട്ടയെ ഓര്‍മിക്കുന്ന നിമിഷങ്ങള്‍ എപ്പോഴുമുണ്ടാവും. ഇത് ഒരു ദുഖദിനമാണ് അദ്ദേഹത്തെ ആദരിക്കുകയും ഓര്‍ക്കാനുമുള്ള ദിവസമാണ്. ഈ ടീമിന്റെ നേട്ടങ്ങളുടെ യാത്രയില്‍ ജോട്ടക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ കൂടെയാണ് ഞങ്ങള്‍ നേഷന്‍സ് ലീഗ് കിരീടം നേടിയത്. ടീമിന് വളരെ പ്രചോദനമായ വ്യക്തിയായിരുന്നു അദ്ദേഹം. ജോട്ടയുടെ ഓര്‍മക്ക് വേണ്ടി ലോകകപ്പ് നേടുകയാണ് ഞങ്ങളുടെ ആഗ്രഹം,’ റോബര്‍ട്ടോ മാര്‍ട്ടിനസ് പ്രസ് മീറ്റില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനായിരുന്നു ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ഡിയാഗോ ജോട്ട കാറപകടത്തില്‍ മരണപ്പെട്ടത്. അപകടത്തില്‍ ജോട്ടയുടെ സഹോദന്‍ ആന്ദ്രേ സില്‍വയും മരണപ്പെട്ടിരുന്നു.

സ്പെയ്നിലെ സമേറയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിലാണ് ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ അപകടത്തില്‍പ്പെട്ടത്.

ലിവര്‍പൂളിനും പോര്‍ച്ചുഗലിനുമായി മിന്നും ഫോമില്‍ കളിച്ചു കൊണ്ടിരിക്കെയാണ് താരത്തിന്റെ വിയോഗം. 2020ലാണ് ജോട്ട ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. 2019, 2025 വര്‍ഷങ്ങളില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടമുയര്‍ത്തിയ പോര്‍ച്ചുഗല്‍ ടീമിലും ജോട്ട നിറസാന്നിധ്യമായിരുന്നു.

1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്കും തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലേക്കും തട്ടകം മാറ്റി. പിന്നീടാണ് താരം ആന്‍ഫീല്‍ഡിലെത്തിയത്.

അതേസമയം ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ ക്രൊയേഷ്യയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ജൂലൈ മൂന്നിനാണ് മത്സരം. ഗ്രൂപ്പ് കെ-യില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോയോട് സമനിലയില്‍ കുടുങ്ങിയ പറങ്കിപ്പട രണ്ടാം മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് തിരിച്ചു വന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ കൊളംബിയയോടും പോര്‍ച്ചുഗല്‍ സമനില വഴങ്ങി.

Content Highlight: Roberto Martinez talk Portugal will win the 2026 World Cup for Diego Jota

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more