| Saturday, 16th May 2026, 11:34 am

ഇ.ഡി. കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വദ്രയ്‌ക്ക് ജാമ്യം; വിശ്വസിക്കുന്നത് നിയമ വ്യവസ്ഥയിലെന്ന് വദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ഷികോഹ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയ്‌ക്ക് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഭൂമി ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറേ്രക്ടറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണം തടയല്‍ നിയമം പ്രകാരമുള്ള (പി.എം.എല്‍.എ) കേസിലാണ് ജാമ്യം. കേസില്‍ വദ്ര ഇന്ന് രാവിലെ കോടതിയില്‍ ഹാജരായിരുന്നു.

50,000 രൂപയ്ക്കും തത്തുല്യമായ ആള്‍ജാമ്യത്തിലുമാണ് വദ്രയെ വിട്ടയച്ചത്. ഷികോഹ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട കള്ളപ്പണക്കേസില്‍ വാധ്രക്കെതിരായ ഇ.ഡിയുടെ കുറ്റപത്രം കോടതി കഴിഞ്ഞ ദിവസം നടപടിക്കെടുത്തിരുന്നു. ഇതിന് പിറകെയാണ് വദ്ര കോടതിയില്‍ ഹാജരായത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറേ്രക്ടറ്റ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് തനിക്കറിയാമെന്നും എന്നാല്‍ ഈ രാജ്യത്തെ നിയമ വ്യവസ്ഥയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ജാമ്യം ലഭിച്ച ശേഷം റോബര്‍ട്ട് വദ്ര പ്രതികരിച്ചു. തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും ഇതെല്ലാം നേരിടാനുള്ള കരുത്തുണ്ടെന്നും വദ്ര പറഞ്ഞു.

‘ ഞാന്‍ വിശ്വസിക്കുന്നത് ഈ രാജ്യത്തെ നിയമ വ്യവസ്ഥയിലാണ്. ഇ.ഡിയെ കൈകാര്യം ചെയ്യുന്നത് സര്‍ക്കാരാണെന്നും അവര്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക എന്നും എനിക്ക് അറിയാം. ഇ.ഡിയുടെ ഭാഗത്ത് നിന്ന് ഒന്നും ന്യായമായിരിക്കില്ല എന്ന് എനിക്ക് അറിയാം. പക്ഷേ ഈ രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ഞാന്‍ വിശ്വസിക്കുന്നു,’ വദ്ര പറഞ്ഞു.

‘ ഞാന്‍ ഇവിടെയുണ്ട്. എനിക്കൊന്നും മറയ്ക്കാനില്ല. ഞാന്‍ ഇവര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നുണ്ട്. ഏത് നടപടി ക്രമം ആയാലും ഞാനത് പൂര്‍ത്തിയാക്കുന്നുണ്ട്. ഇതെല്ലാം നേരിടാന്‍ തന്നെയാണ് ഞാന്‍ പോവുന്നത്. അത് അഭിമുഖീകരിക്കാനുള്ള ശേഷി എനിക്കുണ്ട്. ഞാന്‍ നിര്‍ഭയനാണ്. എനിക്ക് ഒന്നും മറയ്ക്കാനില്ല,’ വദ്ര പറഞ്ഞു.

2008 ഫെബ്രുവരിയില്‍ വാധ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഗുരുഗ്രാമിലെ ഷിക്കോഹ്പൂരിലുള്ള 3.5 ഏക്കര്‍ ഭൂമിയുടെ ഒരു ഭാഗം ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്.

റോബര്‍ട്ട് വദ്രയും പ്രിയങ്ക ഗാന്ധി വാധ്രയും ദല്‍ഹി ആസ്ഥാനമായുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് വഴി ഹരിയാനയില്‍ നിരവധി ഏക്കര്‍ ഭൂമി വാങ്ങിയെന്നും അദ്ദേഹം എന്‍.ആര്‍.ഐ വ്യവസായി സി. സി. തമ്പിക്ക് ഭൂമി വിറ്റുവെന്നും ഇ.ഡി 2023 ല്‍ അവകാശപ്പെട്ടിരുന്നു.

Content Highlight: Robert Vadra granted pre-arrest bail in Shikohpur land deal money laundering case

 

We use cookies to give you the best possible experience. Learn more