| Wednesday, 1st October 2025, 10:47 am

ബ്രാന്‍ഡ് ന്യൂ ഡേയില്‍ സെന്‍ഡയയുടെ കാമുകനായി റോബര്‍ട്ട് പാറ്റിന്‍സണ്‍? സ്‌പൈഡര്‍ മാന്റെ കാമുകിയെ ബാറ്റ്മാന്‍ അടിച്ചോണ്ട് പോയെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍വല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ഈ വര്‍ഷത്തെ തിയേറ്റര്‍ റിലീസുകള്‍ എല്ലാം അവസാനിച്ച മാര്‍വലിന്റെ അടുത്ത ചിത്രമാണിത്. ഫേസ് സെവനില്‍ ഏറെ പ്രതീക്ഷയുള്ള പ്രൊജക്ട് കൂടിയാണിത്. മള്‍ട്ടിവേഴ്‌സ് കാരണമുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം സാധാരണക്കാരനായി മാറിയ പീറ്റര്‍ പാര്‍ക്കറിന്റെ കഥയാണ് ചിത്രം പറയുന്നത്.

ലണ്ടന്‍, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ചിത്രത്തില്‍ ടോം ഹോളണ്ടിനൊപ്പം സെന്‍ഡയയും വേഷമിടുന്നുണ്ട്. പീറ്ററിന്റെ കാമുകിയായ മേരി ജെയ്‌നായാണ് സെന്‍ഡയ വേഷമിടുന്നത്. നോ വേ ഹോമിന്റെ ഒടുവില്‍ പീറ്റര്‍ പാര്‍ക്കറിനെക്കുറിച്ചുള്ള ഓര്‍മകളെല്ലാം നഷ്ടപ്പെട്ട എം.ജെയെ കാണിച്ചാണ് ചിത്രം അവസാനിച്ചത്.

ബ്രാന്‍ഡ് ന്യൂ ഡേയില്‍ മേരി ജെയ്‌നിന് പുതിയ കാമുകനുണ്ടാകുമെന്നും റോബര്‍ട്ട് പാറ്റിന്‍സണ്‍ ആ വേഷം ചെയ്യുമെന്നും ചില ഹോളിവുഡ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡി.സിയുടെ പുതിയ ബാറ്റ്മാനായി വേഷമിടുന്ന താരമാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. ഇതോടെ സ്‌പൈഡര്‍ മാന്റെ കാമുകിയെ ബാറ്റ്മാന്‍ അടിച്ചുകൊണ്ടുപോയി എന്ന തരത്തില്‍ ആരാധകര്‍ പ്രതികരിക്കുകയാണ്.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും റോബര്‍ട്ട് പാറ്റിന്‍സണ്‍ ബ്രാന്‍ഡ് ന്യൂ ഡേയുടെ ഭാഗമാകുന്നില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മാര്‍വലില്‍ ഭാഗമായിട്ടുള്ള താരങ്ങള്‍ മാത്രമാണ് ബ്രാന്‍ഡ് ന്യൂ ഡേയില്‍ വേഷമിടുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും മാര്‍വല്‍ അറിയിച്ചു.

മാര്‍വലിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലൈവ് ലൊക്കേഷനുകളിലാണ് ബ്രാന്‍ഡ് ന്യൂ ഡേ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സി.ജി.ഐ പരമാവധി കുറച്ചുകൊണ്ടുള്ള ചിത്രം സിനിമാപ്രേമികള്‍ക്ക് മികച്ച ദൃശ്യവിരുന്നായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഹോളിവുഡ് വെറ്ററന്‍ ജാക്കി ചാനും സംഘവുമാണ് ബ്രാന്‍ഡ് ന്യൂ ഡേയുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സ്‌പൈഡര്‍ മാന്‍ ഇതുവരെ നേരിട്ടതില്‍ വെച്ച് ശക്തരായ വില്ലന്മായാരിക്കും ഈ ചിത്രത്തിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 ജൂലൈ 30ന് ചിത്രം തിയേറ്ററുകളിലെത്തും. ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന് ശേഷം മാര്‍വലിന്റെ അടുത്ത വണ്‍ ബില്യണ്‍ ചിത്രമാകും സ്‌പൈഡര്‍ മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ.

Content Highlight: False rumors that Robert Pattinson playing as the boy friend of Zendaya in Spiderman Brand New Day

We use cookies to give you the best possible experience. Learn more