| Sunday, 19th July 2026, 5:08 pm

ഷൂട്ടുള്ള ദിവസങ്ങളില്‍ 10 കപ്പ് കട്ടന്‍ചായ, അതല്ലാതെ വേറൊന്നും നോളന്‍ കഴിക്കുന്നത് ആരും കണ്ടിട്ടില്ല: റോബര്‍ട്ട് പാറ്റിന്‍സണ്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള ഹോളിവുഡ് സംവിധായകരിലൊരാളാണ് ക്രിസ്റ്റഫര്‍ നോളന്‍. ഓരോ സിനിമയും വെറും എന്റര്‍ടൈന്മെന്റിന് മാത്രമുള്ളതാക്കാത്തെ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാനാണ് നോളന്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. ആദ്യചിത്രമായ ഇന്‍സോംനിയ മുതല്‍ ഈയൊരു രീതി അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ദി ഒഡീസിയും ഗംഭീരമായ സിനിമാനുഭവമാണ് എല്ലാവര്‍ക്കും സമ്മാനിച്ചത്. ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിക്ക് ക്രിസ്റ്റഫര്‍ നോളന്‍ എന്ന ക്രാഫ്റ്റ്‌സ്മാന്‍ ഒരുക്കിയ ചലച്ചിത്രഭാഷ്യം ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ഷൂട്ട് ചെയ്ത ആദ്യചിത്രം കൂടിയാണ് ഒഡീസി. ഹോളിവുഡിലെ വമ്പന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒഡീസിയസ് രാജാവായി മാറ്റ് ഡാമനും ടെലമാക്കസായി ടോം ഹോളണ്ടും വേഷമിട്ടപ്പോള്‍ റോബര്‍ട്ട് പാറ്റിന്‍സണും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്താക്കയുടെ സിംഹാസനം സ്വന്തമാക്കാന്‍ നടക്കുന്ന അന്റിണ്യൂസ് എന്ന കഥാപാത്രമായാണ് പാറ്റിന്‍സണ്‍ പ്രത്യക്ഷപ്പെട്ടത്.

റോബര്‍ട്ട് പാറ്റിന്‍സണ്‍ Photo: Screen grab/ GQ

ക്രിസ്റ്റഫര്‍ നോളനുമൊത്തുള്ള ഷൂട്ടിങ് അനുഭവം രസകരമായിരുന്നെന്ന് പറയുകയാണ് പാറ്റിന്‍സണ്‍. സെറ്റില്‍ എല്ലാവരെയും ഒരേസമയം നിയന്ത്രിക്കാന്‍ അപാരമായ കഴിവ് അദ്ദേഹത്തിനുണ്ടെന്ന് റോബര്‍ട്ട് പാറ്റിന്‍സണ്‍ പറഞ്ഞു. ബി.ബി.സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെറ്റില്‍ എല്ലാവരും ബ്രേക്കിന്റെ സമയത്ത് ഭക്ഷണം കഴിക്കും, എന്നാല്‍ നോളന്‍ ഭക്ഷണം കഴിക്കുന്നത് ആരും കണ്ടിട്ടില്ല. ആകെ കണ്ടിട്ടുള്ളത് അദ്ദേഹം കട്ടന്‍ചായ കുടിക്കുന്നത് മാത്രമാണ്. ഒരുദിവസം 10 കപ്പ് കട്ടന്‍ചായ മാത്രമാണ് അദ്ദേഹം കുടിക്കാറുള്ളത്. വേറെ എന്തെങ്കിലും കഴിക്കുന്നതോ റെസ്റ്റ്‌റൂമില്‍ പോകുന്നതോ കണ്ടിട്ടേയില്ല.

ക്രിസ്റ്റഫര്‍ നോളന്‍ Photo: Reddit

എല്ലായ്‌പ്പോഴും ഒരു തെര്‍മോ (ഫ്‌ളാസ്‌ക്) കൈയില്‍ കൊണ്ടുനടക്കും. നല്ല തിളച്ച വെള്ളമായിരിക്കും അതില്‍. എപ്പോഴും ആവി പറക്കുന്നത് കാണാം. സെറ്റില്‍ എല്ലായിടത്തും അദ്ദേഹത്തിന്റെ പ്രസന്‍സ് കാണാമെന്ന് ജോണ്‍ (ഒഡീസിയിലെ മറ്റൊരു താരം) പറയാറുണ്ട്. അത് സത്യമാണ്. നോളന്‍ ഒന്നും കഴിക്കാറില്ലെന്ന് എന്നോട് പറഞ്ഞത് അദ്ദേഹമാണ്,’ റോബര്‍ട്ട് പാറ്റിന്‍സണ്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ഒഡീസി കുതിക്കുന്നത്. ആദ്യദിനം 51 മില്യണ്‍ സ്വന്തമാക്കിയ ചിത്രം ഈ വീക്കെന്‍ഡില്‍ 117 മില്യണ്‍ കളക്ഷനാണ് ലക്ഷ്യമിടുന്നത്. ഈ മാസം അവസാനം സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ റിലീസുള്ളതിനാല്‍ ആദ്യവാരത്തില്‍ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കുക എന്നതാണ് ഒഡീസിയുടെ കണക്കുകൂട്ടല്‍.

Content Highlight: Robert Pattinson about working with Christopher Nolan in The Odyssey

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more