യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസിലിനെ തകര്‍ത്താണ് ടീമിന്റെ മുന്നേറ്റം.
റൗണ്ട് ഓഫ് സിക്സ്റ്റീന്റെ രണ്ടാം പാദത്തില്‍ രണ്ടിനെതിരെ ഏഴ് ഗോളുകളാണ് കറ്റാലന്‍പ്പട വിജയിച്ചത്. 8 – 3 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ബാഴ്‌സ ന്യൂകാസിലിനെ തകര്‍ത്തെറിഞ്ഞത്.
മത്സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി മികച്ച പ്രകടനം നടത്തിയിരുന്നു. ടീമിനായി ഇരട്ട ഗോളുകളാണ് നേടിയത്. 56, 61 മിനിട്ടുകളിലായിരുന്നു പോളിഷ് സ്ട്രൈക്കര്‍ വല കുലുക്കിയത്.
ഗോള്‍ നേട്ടത്തോടെ ഒരു സൂപ്പര്‍ നേട്ടവും ലെവന്‍ഡോസ്‌കി സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്ക് എതിരെ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് താരം തന്റെ പേരിലാക്കിയത്. 41 വ്യത്യസ്ത ടീമുകള്‍ക്കെതിരെയാണ് താരം വല കുലുക്കിയത്.
റോബർട്ട് ലെവൻഡോസ്‌കി. Photo: FC Barcelona/x.com
ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍, ചെല്‍സി, റയല്‍ മാഡ്രിഡ്, മലാഗ, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്, വിയ്യാറയല്‍, എ.എസ് റോമ, ലാസിയോ, യുവന്റസ്, ഇന്റര്‍ മിലന്‍, നാപോളി, ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, മാഴ്‌സെ, പി.എസ്.ജി, ലിയോണ്‍, സ്റ്റേഡ് ബ്രെസ്റ്റ്, പോര്‍ട്ടോ, ബെന്‍ഫിക്ക, അയാക്‌സ്, പി.എസ്.വി, ബെസിക്റ്റാസ്, ഷാക്തര്‍ ഡോണ്‍സക്, ഡൈനാമോ കിവ്, ഒളിമ്പിയാക്കോസ്, എ.ഇ.കെ ഏഥന്‍സ്, സെനിത്, റോസ്റ്റോവ്, ആന്‍ഡര്‍ലെക്റ്റ്, ആന്റ്വെര്‍പ്പ് എഫ്.സി, വിക്ടോറിയ പ്ലെസെന്‍, സ്ലാവിയ പ്രാഹ്, ഡൈനാമോ സാഗ്രെബ്, റെഡ് സ്റ്റാര്‍, ആര്‍.ബി സാല്‍സ്ബര്‍ഗ്, യങ് ബോയ്‌സ്, കോപ്പന്‍ഹേഗന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ലെവ ഗോള്‍ നേടിയത്.
ലയണല്‍ മെസിയുടെ റെക്കോഡ് തകര്‍ത്താണ് ലെവ ഈ നേട്ടത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റൈന്‍ ഇതിഹാസം ഗോള്‍ സ്‌കോര്‍ ചെയ്തത് 40 ടീമുകള്‍ക്കെതിരെയാണ്.
അതേസമയം, മത്സരത്തില്‍ റഫിന്യയും ഇരട്ട ഗോള്‍ നേടി. ആറ്, 72 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഇവര്‍ക്കൊപ്പം മാര്‍ക്ക് ബെര്‍നല്‍, ലാമിന്‍ യമാല്‍, ഫെര്‍മിന്‍ ലോപസ് എന്നിവരും സ്‌കോര്‍ ചെയ്തു.
18ാം മിനിട്ടില്‍ ബെര്‍നല്‍ വലകുലുക്കിയപ്പോള്‍ യമാല്‍ പെനാല്‍റ്റിയിലൂടെ 45 +7ാം മിനിട്ടിലും ഗോള്‍ നേടി. 51ാം മിനിട്ടിലായിരുന്നു ലോപസ് പന്ത് വലയിലെത്തിച്ചത്.
മറുവശത്ത് ആന്തണി എലാങ്കയാണ് ന്യൂകാസിലിന്റെ ഗോള്‍ സ്‌കോറര്‍. 15, 28 മിനിട്ടുകളിലായിരുന്നു താരം ബാഴ്‌സ പോസ്റ്റിലേക്ക് ഗോളടിച്ച് കയറ്റിയത്.
Content Highlight: Robert Lewandowski surpassed Lionel Messi’s in goals scored against most teams in UCL history