ഇന്റര്‍ മിലാനെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സലോണ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ടീമിലേക്ക് മടങ്ങിയെത്തുന്നു. പരിക്കിന് പിന്നാലെ സെമിയുടെ ആദ്യ പാദ മത്സരം നഷ്ടപ്പെട്ട പോളിഷ് സൂപ്പര്‍ താരം സാന്‍ സിറോയില്‍ നടക്കുന്ന സെക്കന്‍ഡ് ലെഗില്‍ കറ്റാലന്‍മാര്‍ക്കായി കളത്തിലിറങ്ങും.
ലാ ലിഗയില്‍ സെല്‍റ്റ വിഗോയ്ക്കെതിരായ മത്സരത്തിലാണ് ലെവന്‍ഡോസ്‌കിക്ക് മസില്‍ ഇന്‍ജുറി സംഭവിക്കുന്നത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്സ വിജയിച്ച മത്സരത്തില്‍ ലെവക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
മിലാനെതിരായ സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ മാത്രമല്ല, ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരെ കോപ്പ ഡെല്‍ റേ കിരീടപ്പോരാട്ടത്തിലും ലെവന്‍ഡോസ്‌കിക്ക് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. മത്സരത്തില്‍ ബാഴ്‌സലോണ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി 32ാം കോപ്പ ഡെല്‍ റേ കിരീടം ശിരസിലണിഞ്ഞിരുന്നു.
അതേസമയം, സൂപ്പര്‍ താരം അലഹാന്‍ഡ്രോ ബാല്‍ഡേ പരിക്കില്‍ നിന്നും മുക്തനായിട്ടില്ല. കോപ്പ ഡെല്‍ റേ ഫൈനലിലും ഇന്റര്‍ മിലാന്‍ – ബാഴ്‌സലോണ ആദ്യ പാദ സെമി ഫൈനലിലും പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഇറ്റാലിയന്‍ വമ്പന്‍മാരുടെ തട്ടകമായ സാന്‍ സിറോയില്‍ നടക്കുന്ന രണ്ടാം പാദ സെമിയും നഷ്ടമാകും.
മെയ് ഒന്നിന് ബാഴ്‌സയുടെ തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കോംപാനിയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം സ്വന്തമാക്കിയിരുന്നു.
രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ വമ്പന്‍ തിരിച്ചുവരവ്.
ആദ്യ വിസില്‍ മുഴങ്ങി ആദ്യ മിനിട്ടില്‍ തന്നെ മാര്‍കസ് ടുറാം ഇല്‍ ബിസ്‌കിയോണ്‍സിനായി ഗോള്‍ നേടി. ബാഴ്‌സലോണ ഗോള്‍ കീപ്പറെ ഞെട്ടിച്ച ബാക് ഹീല്‍ ഫ്‌ളിക്കില്‍ സന്ദര്‍ശകര്‍ ലൂയീസ് കോംപാനി സ്റ്റേഡിയത്തില്‍ ലീഡ് നേടി. 21ാം മിനിട്ടില്‍ ഡെന്‍സല്‍ ഡംഫ്രിസിലൂടെ മിലാന്‍ ലീഡ് ഇരട്ടിയാക്കി.
രണ്ടാം ഗോള്‍ വീണ് മൂന്ന് മിനിട്ടിനകം തന്നെ ബാഴ്‌സ ലാമിന്‍ യമാലിലൂടെ ഒപ്പമെത്തി. 38ാം മിനിട്ടില്‍ ഫെറാന്‍ ടോറസിലൂടെ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തിയ കറ്റാലന്‍മാര്‍ ആദ്യ പകുതി 2-2 എന്ന നിലയില്‍ സമനിലയിലെത്തിച്ചു.
63ാം മിനിട്ടില്‍ ഡിംഫ്രിസ് മിലാനായി മൂന്നാം ഗോള്‍ നേടിയപ്പോള്‍ മനപ്പൂര്‍വമല്ലാത്ത സെല്‍ഫ് ഗോളിലൂടെ മിലാന്‍ ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരുടീമുകളും 3-3ന് മത്സരം അവസാനിപ്പിച്ചു.
മെയ് ഏഴിന് മിലാനില്‍ നടക്കുന്ന സെക്കന്‍ഡ് ലെഗില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് കറ്റാലന്‍മാര്‍ കളത്തിലിറങ്ങുന്നത്. ഒരു പതിറ്റാണ്ടിനിപ്പുറം ട്രെബിള്‍ സ്വപ്‌നം കാണുന്ന ബാഴ്‌സയ്ക്ക് തോല്‍വിയെന്നത് താങ്ങാവുന്നതിലുമപ്പുറമായിരിക്കും.
ആദ്യ പാദ മത്സരം അവസാനിക്കുമ്പോള്‍ നിലവില്‍ 3-3 എന്ന സ്‌കോറില്‍ സമനില പാലിക്കുകയാണെങ്കിലും മിലാന്‍ ബാഴ്സയുടെ മണ്ണിലെത്തി അടിച്ചുനേടിയ മൂന്ന് ഗോളുകള്‍ മത്സരത്തില്‍ നിര്‍ണായകമാകും.
Content Highlight: Robert Lewandowski has been included in Barcelona’s squad for Champions League semifinal second leg against Inter Milan.