| Sunday, 4th October 2026, 6:57 am

ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് ലെവൻഡോസ്‌കി

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷൻസ് ലീഗിൽ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പോളണ്ട്. റൊമാനിയയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് കീഴടക്കിയാണ് പോളണ്ട് ടൂർണമെന്റിലെ ആദ്യ വിജയം കൈപ്പിടിയിലാക്കിയത്.

ആദ്യ മത്സരത്തിൽ ബോസ്നിയയോട് സമനില വഴങ്ങിയ പോളണ്ട് രണ്ടാം മത്സരത്തിൽ സ്വീഡനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ റൊമാനിയക്കെതിരെ വമ്പൻ വിജയവുമായി പോളണ്ട് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

റോബർട്ട് ലെവൻഡോസ്‌കിയുടെ ഹാട്രിക് കരുത്തിലാണ് പോളണ്ടിന്റെ കൂറ്റൻ വിജയം. മത്സരത്തിന്റെ 24, 47, 86 എന്നീ മിനിട്ടുകളിലാണ് ലെവയുടെ ഹാട്രിക് നേട്ടം. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും ഇതോടെ ലെവൻഡോസ്‌കി മാറി. 38 വയസും 42 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തകർത്താണ് ലെവൻഡോസ്‌കിയുടെ കുതിപ്പ്. 2019ൽ സ്വിറ്റ്‌സർലാൻഡിനെതിരെയായിരുന്നു റൊണാൾഡോയുടെ ഹാട്രിക് നേട്ടം. 34 വയസും120 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ നേട്ടം.

അതേസമയം മത്സരത്തിൽ ലെവൻഡോസ്‌കിയുടെ ഹാട്രിക്കിന് പുറമെ വിർജിൽ ഗിറ്റായുടെ ഓൺ ഗോളും പിയോട്ടർ സീലിൻസ്കിയുടെയും ജാൻ ബെഡ്‌നാരെകയുടെയും ഗോളുകളും പോളണ്ടിന് വമ്പൻ വിജയം സമ്മാനിക്കുന്നതിൽ നിർണായകമായി.

റൊമാനിയൻ താരം റാഡു ഡ്രാഗുസിൻ റെഡ് കാർഡ് കണ്ട്‌ പുറത്തായതും ടീമിന് തിരിച്ചടിയായി. മത്സരത്തിന്റെ 22ാം മിനിട്ടിലായിരുന്നു താരം ചുവപ്പ് കാർഡ് കണ്ട്‌ മടങ്ങിയത്. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരുമായാണ്‌ റൊമാനിയ പന്തുതട്ടിയത്.

നിലവിൽ യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ മൂന്നാം സ്ഥാനത്താണ് പോളണ്ട്. ഓരോ ജയവും തോൽവിയും സമനിലയുമായി നാല് പോയിന്റാണ് പോളണ്ടിന്റെ കൈവശമുള്ളത്. മറുഭാഗത്ത് മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട റൊമാനിയ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ്.

ഒക്ടോബർ ആറിനാണ് ലെവൻഡോസ്‌കിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ബോസ്നിയയാണ് പോളണ്ടിന്റെ എതിരാളികൾ.

Content Highlight: Robert Lewandowski break Cristiano Ronaldo record in UEFA nations league

Latest Stories

We use cookies to give you the best possible experience. Learn more