ഇതിഹാസ പരിശീലകന്‍ ജോസെ മൗറീന്യോയുടെ പരിശീലകത്വത്തിലും പുതിയ കളിക്കാരുടെ വരവോടെയും റയല്‍ മാഡ്രിഡ് കൂടുതല്‍ ശക്തരായെന്ന് മുന്‍ ബാഴ്‌സ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. റയല്‍ ശക്തരെങ്കിലും ലാ ലിഗയില്‍ മുന്‍തൂക്കം ബാഴ്‌സയ്ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് സീസണുകളില്‍ കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്ത റയല്‍ മാഡ്രിഡ് തിരിച്ചുവരവിന് ഒരുങ്ങുകയാണെങ്കിലും, ബാഴ്‌സലോണ ലീഗ് കിരീടം നേടി ഹാട്രിക് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.എസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോബര്‍ട്ട് ലെവന്‍ഡോസ്‌കി. FC Barcelona
ബാഴ്‌സലോണ കിരീടം നേടിയ കഴിഞ്ഞ രണ്ട് സീസണുകള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സജീവമാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജോസെ മൗറീന്യോയുടെ വരവോടെയും പുതിയ താരങ്ങളെ ടീമിലെത്തിച്ചതോടെയും റയല്‍ മാഡ്രിഡ് കൂടുതല്‍ ശക്തരായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കിരീടങ്ങളൊന്നും നേടാത്തതിനാല്‍ അവരുടെ മാനസികാവസ്ഥ വളരെ നിര്‍ണായകമാണ്.
റയല്‍ മാഡ്രിഡ്
ഈ സീസണില്‍ അവര്‍ വളരെ ശക്തരായി തിരിച്ചുവന്നേക്കാം. എങ്കിലും ഞാന്‍ എപ്പോഴും ബാഴ്‌സലോണയുടെ കൂടെയാണ്.
ഈ സീസണിലെ രണ്ട് മത്സരങ്ങളില്‍ കുറച്ചു സമയമേ ഞാന്‍ കണ്ടിട്ടുള്ളൂ, എങ്കിലും ക്ലബ്ബിന്റെ നിലവിലെ സാഹചര്യം എനിക്കറിയാം. അവര്‍ക്ക് അല്‍പ്പം സമയം ആവശ്യമാണ്, ബാഴ്‌സ തുടര്‍ന്നും നന്നായി കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ബാഴ്‌സയ്‌ക്കൊപ്പം മികച്ച കളിക്കാരുണ്ട്. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഏറെ മികച്ച നിരവധി കളിക്കാരും പുതിയ സൈനിങ്ങുകളും ഉള്ളതിനാല്‍ ഈ ഘട്ടം ടീമിനെ സംബന്ധിച്ച് വ്യത്യസ്തമായിരിക്കും,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
ബാഴ്‌സലോണയുടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് സാധ്യതകളെ കുറിച്ചും പോളിഷ് ഗോളടിയന്ത്രം സംസാരിച്ചു. സ്‌പെയ്‌നിനൊപ്പം വിശ്വവിജയികളായ എട്ട് താരങ്ങള്‍ കറ്റാലന്‍മാര്‍ക്കൊപ്പമുണ്ടെന്നും, ബാഴ്‌സ ആറാം യു.സി.എല്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘ചാമ്പ്യന്‍സ് ലീഗ് വിജയം ബാഴ്‌സലോണയുടെ ഒരു സ്വപ്നമാണെന്നാണ് ഞാന്‍ കരുതുന്നത്. രണ്ട് മൂന്ന് വര്‍ഷം മുമ്പ് വളരെ ചെറുപ്പമായിരുന്ന കളിക്കാര്‍ ഇപ്പോള്‍ ആവശ്യത്തിന് പരിചയസമ്പന്നരായി മാറിക്കഴിഞ്ഞു.
ലോക ചാമ്പ്യന്മാരായ എട്ട് കളിക്കാര്‍ ടീമിലുണ്ട്. ഇത് അവര്‍ക്കും സ്‌പെയിനും വളരെ പ്രത്യേകതയുള്ള ഒന്നാണ്. അവസാനം ബാഴ്‌സലോണ വിജയിക്കാന്‍ ശ്രമിക്കുമെന്നും ചാമ്പ്യന്‍സ് ലീഗ് കിരീടം ആഘോഷിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ ലെവ പറഞ്ഞു.
കഴിഞ്ഞ 14 മാസത്തിനിടെ മൂന്ന് പരിശീലകരെയാണ് റയല്‍ മാഡ്രിഡ് മാറ്റിയത്. കാര്‍ലോ ആന്‍സലോട്ടിയ്ക്ക് പകരം വന്ന സാബി അലോണ്‍സോ ജനുവരിയില്‍ പുറത്തായതോടെ ആല്‍വാരോ അര്‍ബെലോവ താത്കാലിക ചുമതലയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഈ വേനല്‍ക്കാലത്താണ് മൗറീന്യോ വീണ്ടും റയലിന്റെ പരിശീലകനായി തിരിച്ചെത്തിയത്.
ജോസെ മൗറീന്യോ
റയല്‍ മാഡ്രിഡിനോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ മടങ്ങിയെത്തിയതെന്നും ബാഴ്‌സലോണയോട് യാതൊരുവിധ വിദ്വേഷവുമില്ലെന്നും മൗറീന്യോ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, നിലവിലെ ലാ ലിഗ സ്റ്റാന്‍ഡിങ്‌സില്‍ ബാഴ്‌സ ഒന്നാമതും റയല്‍ രണ്ടാം സ്ഥാനത്തുമാണ്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച ഇരുവര്‍ക്കും ഒമ്പത് പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ വ്യത്യാസമാണ് കറ്റാലന്‍മാരെ ഒന്നാമതെത്തിച്ചത്.
ഈ സീസണിലെ ആദ്യ ‘എല്‍ ക്ലാസികോ’ പോരാട്ടം ഒക്ടോബര്‍ 25ന് അരങ്ങേറും.
Content Highlight: Robert Lewandowski about Real Madrid and Barcelona