ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പരിശീലകന്‍ റോബ് വാള്‍ട്ടര്‍. ന്യൂസിലാന്‍ഡിലെ ബൗണ്‍സി പിച്ചുകളില്‍ വൈഭവ് എങ്ങനെ കളിക്കുമെന്ന് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല വ്യത്യസ്ത സാഹചര്യങ്ങള്‍ വൈഭവ് കൈകാര്യം ചെയ്യുന്നത് എങ്ങനെയായിരിക്കുമെന്നും കാണാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബൗണ്‍സി പിച്ചുകളില്‍ അദ്ദേഹം എങ്ങനെ കളിക്കുമെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അദ്ദേഹം ഒരു ആവേശകരമായ കളിക്കാരനാണ്. ഐ.പി.എല്ലില്‍ ലോകത്തിലെ ഏറ്റവും മികച്ച ചില ബൗളര്‍മാര്‍ക്കെതിരെ അദ്ദേഹം ആധിപത്യം സ്ഥാപിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങള്‍ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ഞങ്ങളുടെ ബൗളര്‍മാര്‍ അദ്ദേഹത്തിന് എങ്ങനെ പന്തെറിയുന്നുവെന്നും കാണാന്‍ ആഗ്രഹിക്കുന്നു,’ വാള്‍ട്ടര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലായിരുന്നു യുവ താരം വൈഭവിന്റെ അരങ്ങേറ്റം. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സിംബാബ്‌വേക്കതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. സിംബാബ്‌വേ പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലുമാണ് 15കാരന്‍ ഫിഫ്റ്റി നേടിയത്. ആദ്യ മത്സരത്തില്‍ 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. അവസാന മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.
വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com
അതേസമയം 2026 ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായും വൈഭവിനെ നിയമിച്ചിരുന്നു. ഇഷാന്‍ കിഷന്‍ നയിച്ച ഈസ്റ്റ് സോണ്‍ ദുലീപ് ട്രോഫി ചാമ്പ്യന്‍മാരായിരുന്നു.
എന്നാല്‍ അടുത്തിടെ കഴിഞ്ഞ അഫ്ഗാന്‍ പരമ്പരയില്‍ വൈഭവിന് പകരം ഓപ്പണറായി എത്തിയത് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആയിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 റണ്‍സിന് സഞ്ജു പുറത്തായെങ്കിലും ശേഷിച്ച രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടി താരം ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം ഒക്ടോബര്‍ 22നാണ് ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ യുവ താരം വൈഭവിന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം.
Content Highlight: Rob Walter Talking About Vaibhav Sooryavanshi