ന്യൂദല്‍ഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിനിടെ നടന്ന ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ മെട്രോ സ്‌റ്റേഷനുകള്‍, റോഡുകള്‍, കടകള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍, എന്നിവയെല്ലാം അടച്ച് പൂട്ടിയെന്നും എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ മാത്രം കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
‘റോഡുകള്‍ അടയ്ക്കൂ, മെട്രോ അടക്കൂ, ഭക്ഷണ സാധനങ്ങള്‍ക്കുള്ള സംവിധാനവും അടയ്ക്കൂ, അവകാശങ്ങള്‍ക്കായി പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇത്തരം ക്രൂരമായ നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ മോദിജി നിങ്ങള്‍ക്ക് ഒരു കാര്യം മാത്രം അടച്ച് പൂട്ടാന്‍ സാധിച്ചില്ല. അത് പേപ്പര്‍ ലീക്കാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനിടെ പെല്ലറ്റ് കൊണ്ട് പരിക്കേറ്റ യുവാവുമായി രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.
കുട്ടികള്‍ക്ക് നീതിക്ക് പകരം പെല്ലറ്റാണ് സര്‍ക്കാര്‍ കൊടുക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സി.ജെ.പി അറിയിച്ചു. ഇന്ന് മൂന്നരയ്ക്കാണ് സര്‍ക്കാരുമായുള്ള സി.ജെ.പിയുടെ മൂന്നാം ഘട്ട ചര്‍ച്ച.
Content Highlight: Roads can be closed, the Metro can be shut down, and the internet can be cut off; the only thing Modi cannot stop is paper leaks: Rahul Gandhi.