| Sunday, 14th September 2025, 5:43 pm

മാത്യു കുഴല്‍നാടന്റെ നിര്‍ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്തു; എസ്.ഐക്ക് സസ്പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂവാറ്റുപുഴ: കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റോഡ് ഉദ്ഘാടനം ചെയ്ത എസ്.ഐക്ക് സസ്പെന്‍ഷന്‍.

മൂവാറ്റുപുഴ ട്രാഫിക് എസ്.ഐ കെ.പി. സിദ്ദിഖിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ പരിപാടിയില്‍ പങ്കെടുത്തതിനാണ് സസ്പെന്‍ഷന്‍. റൂറല്‍ എസ്.പിയുടേതാണ് നടപടി. അന്വേഷണ വിധേയമായാണ് സിദ്ദിഖിനെ സസ്പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ സി.പി.ഐ.എം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ അജണ്ടകള്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് സി.പി.ഐ.എം പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് പുറമെ ഡി.ജി.പിക്കും സി.പി.ഐ.എം പരാതി നല്‍കിയിരുന്നു.

ഈ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം നഗരവികസനം പൂര്‍ത്തിയാകും മുമ്പാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ റോഡിന്റെ ഉദ്ഘാടനം നടന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ കച്ചേരിതാഴം മുതല്‍ പി.ഒ ജങ്ഷന്‍ വരെയുള്ള റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.

ടാറിങ് പൂര്‍ത്തിയായതോടെയാണ് റോഡ് തുറന്നുകൊടുത്തത്. എന്നാല്‍ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് മാത്യു കുഴല്‍നാടന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് റോഡ് ഉദ്ഘാടനം ചെയ്തത്. പിന്നാലെ ഇത് വിവാദമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രാഫിക് എസ്.ഐക്കെതിരെ നടപടിയെടുത്തത്.

നടപടിക്ക് പിന്നാലെ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തെത്തി. ഇങ്ങനെയാണോ പക തീര്‍ക്കേണ്ടതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ചോദിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.

മൂവാറ്റുപുഴയിലെ ആളുകള്‍ക്ക് വളരെ ആശ്വാസം നല്‍കിയ കാര്യമായിരുന്നു കച്ചേരിതാഴം മുതല്‍ പി.ഒ ജങ്ഷന്‍ വരെയുള്ള റോഡ് തുറന്നുകൊടുത്തത്. നഗരസഭാ ചെയര്‍മാന്‍, കെ.ആര്‍.ബി ഉദ്യോഗസ്ഥര്‍, ട്രാഫിക് പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് റോഡ് തുറന്നുകൊടുത്തതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

റോഡ് ഗതാഗതം തടഞ്ഞുകൊണ്ടുള്ള സ്ലിപ്പ് മാറ്റിവെച്ച് വണ്ടികളെ കടത്തിവിടുക എന്ന ലളിതമായ ചടങ്ങാണ് അവിടെ നടന്നത്. എന്നോടാണ് സ്ലിപ്പ് മുറിക്കാന്‍ ആവശ്യപ്പെട്ടത്. പക്ഷെ അതിനുള്ള അധികാരം ട്രാഫിക് പൊലീസിനാണ്. ട്രാഫിക് എസ്.ഐയുടെ സാന്നിധ്യവും അവിടെ ഉണ്ടായിരുന്നു.

അതിനാലാണ് താന്‍ റോഡ് തുറന്നുകൊടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത്. കാരണം രാവും പകലെന്നുമില്ലാതെ ഈ മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിച്ചിരുന്നത് ട്രാഫിക് പൊലീസാണെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

Content Highlight: Road inaugurated on Mathew Kuzhalnadan’s instructions; SI suspended

We use cookies to give you the best possible experience. Learn more