കണ്ണൂര്‍: ആര്‍.എം.പി യു.ഡി.എഫിന്റെ ഭാഗമല്ലെന്ന് വടകര എം.എല്‍.എ കെ.കെ രമ. പൊതു വിഷയങ്ങളില്‍ യു.ഡി.എഫുമായി സഹകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് കെ.കെ. രമയുടെ വിശദീകരണം.
തദ്ദേശ തെരഞ്ഞെടുപ്പിലെ നയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു കെ.കെ. രമ.
ഒഞ്ചിയത്തും ഏറാമലയിലും ആര്‍.എം.പിയുടെ വിജയം ആവര്‍ത്തിക്കുമെന്നും കെ.കെ. രമ വിശദീകരിച്ചു. വടകര നഗരസഭയില്‍ ഇത്തവണ ആര്‍.എം.പികക്ക് പ്രതിനിധികളുണ്ടാകുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആര്‍.എം.പി പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണെന്നും സി.പി.ഐ.എമ്മിലേക്ക് പ്രവര്‍ത്തകര്‍ പോവുകയാണെന്നുള്ള പ്രചാരണം തെറ്റാണെന്നും രമ പറഞ്ഞു.
അതേസമയം, ഒഞ്ചിയത്ത് ആര്‍.എം.പിയുടെ വളര്‍ച്ച താഴോട്ടാണെന്ന് പ്രതികരിച്ച് സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് രംഗത്തെത്തി. ഒഞ്ചിയത്ത് ഇത്തവണ സി.പി.ഐ.എം മുന്നേറ്റമുണ്ടാകുമെന്നും ബിനീഷ് പ്രതികരിച്ചു.
പാര്‍ട്ടി വിട്ടവരില്‍ ഭൂരിപക്ഷം പേരും തിരിച്ചെത്തിയെന്നും സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും സി.പി.ഐ.എം നേതാവ് വ്യക്തമാക്കി.
‘ഇത്തവണ സി.പി.ഐ.എം മുന്നേറ്റമുണ്ടാകും. ആര്‍.എം.പിക്ക് ഓരോ തവണയും അംഗങ്ങള്‍ കുറഞ്ഞുവരികയാണ്. ഒഞ്ചിയം ഉള്‍പ്പെടെ എല്ലായിടത്തും സി.പി.ഐ.എം ജയിക്കും,’ ടി.പി. ബിനീഷ് പറഞ്ഞു.
അതേസമയം, നാലാം തവണയും തുടര്‍വിജയം ലക്ഷ്യമിട്ടാണ് ഒഞ്ചിയതത് ആര്‍.എം.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ ഒഞ്ചിയം പഞ്ചായത്ത് 2010ല്‍ ആര്‍.എം.പി പിടിച്ചെടുക്കുകയായിരുന്നു.
പിന്നീട് ഇവിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നും ഇടതുപക്ഷത്തിന് ഭരണം നേടാനായിരുന്നില്ല. ജെ.ഡി.എസിന് പ്രസിഡന്റ് സ്ഥാനം കൈമാറുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ആര്‍.എം.പി ഇവിടെ നേട്ടമുണ്ടാക്കിയത്.
കോണ്‍ഗ്രസിനും ലീഗിനുമൊപ്പം ചേര്‍ന്നാണ് ആര്‍.എം.പിയുടെ നേതൃത്വത്തിലെ ജനകീയ മുന്നണി തുടര്‍ച്ചയായി മൂന്ന് തവണയും ഭരണം പിടിച്ചത്.
പിന്നീട് ഏറാമല പഞ്ചായത്തും ആര്‍.എം.പി നേടി. അതേസമയം, ജനതാദള്‍ കൂടി മുന്നണിയിലെത്തിയതോടെ ഏറാമലയും ഒഞ്ചിയവും ഇത്തവണ പിടിച്ചെടുക്കാമെന്നാണ് സി.പി.ഐ.എം പ്രതീക്ഷിക്കുന്നത്.
Content Highlight: RMP is not part of UDF; Onchiyam and Eramala will be retained: KK Rama