ദല്‍ഹി: ലോധ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച സുപ്രീംകോടതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.
ബി.സി.സി.ഐ ഭാരവാഹിത്വത്തില്‍ നിന്ന് മന്ത്രിമാരെ വിലക്കിയ സുപ്രീംകോടതി 70 വയസ്സ് കഴിഞ്ഞവര്‍ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ഭാരവാഹിത്വമുണ്ടാകില്ല. രാഷ്ട്രീയക്കാരെയും വ്യവസായികളെയും ഭരണതലപ്പത്ത് എത്തിക്കരുത്. സി.എ.ജിയിലെ അംഗത്തെ ഗവേണിങ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണം എന്നിവയാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍.
ബി.സി.സി.ഐയുടെ സമഗ്രപരിഷ്‌കരണത്തിനായുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് ലോധ സമിതിയുടെ റിപ്പോര്‍ട്ട്. വാതുവയ്പ് നിയമവിധേയമാക്കുന്ന കാര്യം സര്‍ക്കാരിനും പാര്‍ലമെന്റിനും തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബി.സി.സി.ഐയുടെ എല്ലാ ശുപാര്‍ശകളും സുപ്രീംകോടതി തള്ളി.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചതാണ് ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട്. ഇത് നടപ്പാക്കാത്ത ബി.സി.സി.ഐയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാത്ത ബോര്‍ഡ് സുതാര്യമായ പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്നും മുഖം തിരിഞ്ഞു നില്‍ക്കുന്നതായും കോടതി പറഞ്ഞു.
ലോധ സമിതി നിര്‍ദേശിച്ച കാര്യങ്ങളില്‍ എന്തൊക്കെ നടപ്പാക്കിയെന്ന് മാര്‍ച്ച് മൂന്നിനകം അറിയിക്കാന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ബി.സി.സി.ഐക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ബി.സി.സി.ഐ പൊതുകാര്യ സംഘടനയാണെന്ന് പറഞ്ഞ ലോധ കമ്മിറ്റി ബോര്‍ഡിന്റെ ഭരണഘടന മാറ്റാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് മുതിരാതിരുന്ന ബി.സി.സി.ഐയുടെ നടപടിയില്‍ കോടതി അതൃപ്തി അറിയിച്ചു. ഐ.പി.എല്‍ അഴിമതിയില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമന്റെ പങ്ക് അന്വേഷിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ലോധയെ കൂടാതെ ജസ്റ്റിസ് അശോക് ഭന്‍, ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ഐ.പി.എല്‍ കോഴ വിവാദത്തെ തുടര്‍ന്നാണ് ക്രിക്കറ്റിന്റെ ഭരണതല കാര്യങ്ങള്‍ വിലയിരുത്താന്‍ സുപ്രിം കോടതി ലോധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഐ.പി.എല്‍ വിവാദത്തെ തുടര്‍ന്ന് രണ്ട് ടീമുകള്‍ പുറത്താകുകയും ബി.സി.സി.ഐ തലവന്‍ എന്‍. ശ്രീനിവാസന്റെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.