കലാഭവൻ മണിയുടെ ആദ്യ സിനിമ സല്ലാപം കാണാൻ പോയ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിൻ്റെ സഹോദരൻ രാമകൃഷ്ണൻ.
ആദ്യത്തെ സിനിമ സല്ലാപം തിയേറ്ററിൽ വന്നപ്പോൾ കാണാൻ പോയെന്നും തങ്ങൾക്ക് സിനിമ തിയേറ്ററിൽ പോയിക്കണ്ട് ശീലമില്ലെന്നും രാമകൃഷ്ണൻ പറയുന്നു.
അച്ഛൻ ഷർട്ട് ഇടാറില്ലെന്നും തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ അച്ഛനെക്കൊണ്ട് നിർബന്ധിച്ചാണ് ഷർട്ട് ഇടീപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമ കാണാൻ തുടങ്ങിയപ്പോൾ അച്ഛൻ ഷർട്ട് ഊരി കയ്യിൽ പിടിച്ചെന്നും മനോജ് കെ. ജയൻ കലാഭവൻ മണിയെ തല്ലുന്ന സീൻ വന്നപ്പോൾ സീറ്റിൽ നിന്നും എണീറ്റ് വീണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ആദ്യ ഷോ കാണാൻ പറ്റാതെ തന്നെ താനും സഹോദരനും തിരിച്ച് വീട്ടിൽ പോയെന്നും മക്കളെ ഒരാള് ചീത്ത പറയുന്നതോ അല്ലെങ്കിൽ തല്ലുന്നതോ അച്ഛന് ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത ടി.വിയിലെ ഓർമയിലെന്നും പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യത്തെ സിനിമ തന്നെ സല്ലാപം തിയേറ്ററിൽ പോയിട്ടാണ് കണ്ടത്. ഞങ്ങളുടെ അച്ഛനൊന്നും തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടുള്ള ശീലം തന്നെയില്ല. അച്ഛൻ ഷർട്ട് ഇടാറില്ല. ചാലക്കുടിയിൽ ആദ്യമായിട്ട് സല്ലാപം വന്ന സമയത്ത് അച്ഛനെയും അമ്മയെയും കൊണ്ടുപോകേണ്ട ചുമതല എനിക്കായിരുന്നു. അപ്പോൾ ചേട്ടൻ അവിടെ വരും. അച്ഛന് ചെറിയൊരു ഷർട്ട് ഒക്കെ വാങ്ങിച്ച് നിർബന്ധിച്ച് ഷർട്ട് ഒക്കെ ഇടീപ്പിച്ച് തിയേറ്ററിൽ കൊണ്ടുപോയി ഇരുത്തി.
ചേട്ടൻ്റെ സീനൊക്കെ വന്നപ്പോൾ ആള് ഷർട്ട് ഒക്കെ ഊരി തോളിലിട്ടു. നമ്മൾ സിനിമയിൽ ശ്രദ്ധിച്ചിരിക്കുകയാണ്. അതുകഴിഞ്ഞ് മനോജ് കെ. ജയൻ ചേട്ടനെ തല്ലുന്ന സീൻ വന്നപ്പോൾ ആള് എണീറ്റ് സ്റ്റെപ്പിൽ വീണ് ഫസ്റ്റ് ഷോ തന്നെ കാണാൻ പറ്റാതെ ചേട്ടനും ഞാനും അച്ഛനെ കൊണ്ട് വീട്ടിലേക്ക് പോന്നു. മക്കളെ ഒരാള് ചീത്ത പറയുന്നതോ തല്ലുന്നതോ ഒന്നും അച്ഛന് ഇഷ്ടമല്ല,’ രാമകൃഷ്ണൻ പറയുന്നു.
Content Highlight: RLV Ramakrishnan talking about Kalabhavan Mani Movie