| Monday, 3rd June 2019, 5:45 pm

ബി.ജെ.പിയെ തള്ളി നിതീഷ് കുമാര്‍ ആ ക്ഷണം സ്വീകരിക്കുമോ?; വീണ്ടും മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യത്തിലേക്ക് വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്  വരണമെന്ന് ആര്‍.ജെ.ഡി. കേന്ദ്രമന്ത്രി സ്ഥാനത്തെ ചൊല്ലി ജെഡി.യുവും ബി.ജെ.പിയും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് ആര്‍ജെഡിയുടെ ക്ഷണം.

ജെഡി.യുവും ബി.ജെ.പിയും സഖ്യമായിട്ടാണ് ലോക്‌സഭ തെരഞെടുപ്പില്‍ മത്സരിച്ചത്. സഖ്യത്തില്‍ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും ഉണ്ടായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെങ്കിലും ഒരു കേന്ദ്രമന്ത്രി സ്ഥാനം മാത്രമാണ് ഘടകകക്ഷികള്‍ക്ക് അനുവദിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ജെ.ഡി.യു മന്ത്രിസ്ഥാനം സ്വീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇനിയൊരിക്കലും മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാന മന്ത്രിസഭയിലേക്ക് നടന്ന പുനസംഘടന പ്രകിയയില്‍ ബി.ജെ.പിക്ക് ഒരു സ്ഥാനം മാത്രമേ നല്‍കിയുള്ളു.

ആര്‍.ജെ.ഡി നേതാവ് രഘുവംശസിങ്ങ് ആണ് ജെ.ഡി.യുവിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചത്. ബിജെപിയെ എതിര്‍ക്കുന്ന ഏത് പാര്‍ട്ടിയെയും ആര്‍.ജെ.ഡി സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രതികരണം. എന്നാല്‍ ഇതാദ്യമായല്ല നിതീഷ് കുമാര്‍ എതിര്‍പ്പ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ്ജിയെ നമുക്കെല്ലാം അറിയാവുന്നതാണല്ലോ, അദ്ദേഹം എന്താണ് ചെയ്യുക എന്നതോ പറയുക എന്നതോ ആര്‍ക്കും പ്രവചിക്കാനാവില്ല. ഇതാദ്യമായല്ല സംഭവിക്കുന്നത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ല, ബി.ജെ.പിക്കെതിരെ എല്ലാവരും ഒരുമിക്കുക എന്നതാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

ആര്‍.ജെ.ഡിയുടെ ക്ഷണത്തിനോട് ജെ.ഡി.യു ഇത് വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും മറ്റ് കക്ഷികളും ചേര്‍ന്ന മഹാസഖ്യത്തിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

2015ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുകയും ആയിരുന്നു. 2017ല്‍ സഖ്യം ജെ.ഡി.യു വിടുകയും ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more