| Thursday, 17th July 2025, 8:09 pm

എന്റമ്മോ.. പൊളിച്ചു... ടീസര്‍ റിലീസിന് മുമ്പ് കിടിലന്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ആര്‍.ജെ. ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു സൂര്യയുടെ അടുത്ത ചിത്രത്തിന്റേത്. നടനും സംവിധായകനുമായ ആര്‍.ജെ. ബാലാജിയോടൊപ്പമാണ് താരം കൈകോര്‍ക്കുന്നത്. എല്‍.കെ.ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ കോമഡി ചിത്രങ്ങള്‍ ഒരുക്കിയ ആര്‍.ജെ.ബി ഇത്തവണ വരുന്നത് മാസ് ചിത്രവുമായാണെന്നാണ് സൂചനകള്‍.

റൂറല്‍ ബേസ്ഡ് മാസ് ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. കറുപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഈ മാസം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. സൂര്യയുടെ പിറന്നാള്‍ ദിനമായ ജൂലൈ 23നാകും അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിടുകയെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോഴിതാ ടീസറിലെ ഗംഭീര സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് സിനിമയെ ലൈവായി നിര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍.ജെ. ബാലാജി. സൂര്യയുടെ കണ്ണിന്റെ സ്‌ക്രീന്‍ഷോട്ടാണ് സംവിധായകന്‍ പങ്കുവെച്ചത്. ‘സെര്‍വിങ് സൂണ്‍’ എന്ന ക്യാപ്ഷനോടെയാണ് ആര്‍.ജെ.ബി. പോസ്റ്റ് പങ്കുവെച്ചത്. ‘വെയ്റ്റിങ് ഡയറക്ടറേ’ എന്ന രസികന്‍ കമന്റോടെ സൂര്യ ഈ പോസ്റ്റ് റീഷെയര്‍ ചെയ്യുകയും ചെയ്തു.

അഡ്വക്കേറ്റിന്റെ വേഷത്തിലാണ് സൂര്യ കറുപ്പില്‍ പ്രത്യക്ഷപ്പെടുക. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശിവദ, സ്വാസിക, ഇന്ദ്രന്‍സ്, യോഗി ബാബു, നടരാജ സുബ്രഹ്‌മണ്യം തുടങ്ങി വന്‍ താരനിരയാണ് കറുപ്പില്‍ അണിനിരക്കുന്നത്. കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചത്.

എ.ആര്‍. റഹ്‌മാന്‍ ചിത്രത്തിന് സംഗീതം നല്‍കുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണം അദ്ദേഹം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. നിലവില്‍ തമിഴിലെ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കറാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

കങ്കുവയുടെ വന്‍ പരാജയവും പിന്നാലെയെത്തിയ റെട്രോ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാത്തതും സൂര്യക്ക് തിരിച്ചടിയായിരുന്നു. ബോക്‌സ് ഓഫീസില്‍ അടുത്തിടെ വലിയ വിജയം സ്വന്തമായില്ലാത്ത സൂര്യക്ക് ഈ ചിത്രം വളരെ പ്രധാനപ്പെട്ടതാണ്. ടൈര്‍ 2വില്‍ സൂര്യക്ക് ശേഷം അരങ്ങേറിയ നടന്മാര്‍ ഏറെ മുന്നോട്ടുപോയ അവസരത്തില്‍ താരം വലിയൊരു തിരിച്ചുവരവിനാണ് കണക്കുകൂട്ടുന്നത്.

Content Highlight: RJ Balaji shares the screenshot of Suriya in Karuppu movie

We use cookies to give you the best possible experience. Learn more