| Monday, 1st June 2026, 6:15 pm

സിങ്കം ലുക്കിൽ സൂര്യയെ കണ്ടപ്പോൾ ഞെട്ടിപ്പോയി; 10 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലത്തത് കണ്ട് അത്ഭുതപ്പെട്ടു : ആർ.ജെ. ബാലാജി

കെ.എസ് ഷാബിന

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് നടിപ്പിൻ നായകൻ സൂര്യയുടെ ‘കറുപ്പ്’ തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. തമിഴകത്തിനൊപ്പം കേരളക്കരയും സൂര്യയുടെ ഈ മാസ്സ് കംബാക്ക് നെഞ്ചേറ്റി കഴിഞ്ഞു.

ചിത്രത്തിലെ സൂര്യയുടെ ഓരോ ലുക്കും ആരാധകർക്ക് വലിയൊരു വിരുന്ന് തന്നെയാണ് സമ്മാനിച്ചത് വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട നായകനെ പഴയ അതേ എനർജിയിലും ലുക്കിലും കണ്ടതോടെ തിയേറ്ററുകൾ പൂരപ്പറമ്പായി.

കറുപ്പ്.Photo: X.com

കറുപ്പ് സ്വാമി, വക്കീൽ, രാഷ്ട്രീയക്കാരൻ ,ദുരൈ സിംഗം എന്നിങ്ങനെ തകർപ്പൻ ലുക്കുകളിലാണ് താരം ചിത്രത്തിൽ നിറഞ്ഞാടുന്നത്. പ്രത്യേകിച്ച്, പത്ത് വർഷങ്ങൾക്ക് ശേഷം ആ പഴയ ‘സിങ്കം’ ഗെറ്റപ്പിൽ പോലീസ് ഓഫീസറായി സൂര്യ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ തങ്ങൾ ശരിക്കും ഞെട്ടിപ്പോയെന്നാണ് സംവിധായകൻ ആർ.ജെ. ബാലാജി പറയുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിലെ ഓരോ ലുക്കിനും ഒരുപാട് കൃത്രിമത്വം വരുത്തേണ്ടി വന്നില്ലെന്നും അദ്ദേഹം പറയുന്നു. സിനിമ വികടൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിങ്കം കഴിഞ്ഞ് 10 വർഷം കഴിഞ്ഞിട്ടും അദ്ദേഹം പഴയതുപോലെ തന്നെ ഇരിക്കുന്നുവല്ലോ എന്നോർത്ത് ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടു. ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നാണ് ഞാനും കരുതിയിരുന്നത്. പക്ഷേ, ആ ഒരു പഴയ ഗെറ്റപ്പിൽ അദ്ദേഹം വന്നു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി; ഒന്നും തന്നെ മാറ്റേണ്ടി വന്നില്ല!

കറുപ്പ്.Photo:Reddit/X.com

‘കറുപ്പ്’ എന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത ലുക്കുകളിലാണ് സൂര്യ വരുന്നത്. ഓരോ ലുക്ക് കാണുമ്പോഴും നമ്മൾ നോക്കിനിന്നു പോകും; അത്രയ്ക്ക് ഭംഗിയാണ് അദ്ദേഹത്തിന്.
കറുപ്പ് ലുക്കിൽ നിന്നും വക്കീലിന്റെ ലുക്കിലേക്ക് മാറുമ്പോൾ വേറൊരു ഗെറ്റപ്പ് ആവശ്യമായിരുന്നു.

കൃത്രിമ മീശയും മുടിയുമൊക്കെ വെക്കേണ്ടി വിചാരിച്ചിരുന്നപ്പോഴാണ് ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുന്നത്. അപ്പോൾ അവിടെ ഒരു പ്രത്യേക ലുക്കിൽ അദ്ദേഹത്തെ കണ്ട നിമിഷം തന്നെ ഞാൻ ഉറപ്പിച്ചു, ഇതാണ് നമുക്ക് വേണ്ടതെന്ന്! ലെതർ ജാക്കറ്റുമിട്ട്, ചുരുട്ടും വലിച്ച് മുകളിൽ ഇരിക്കുന്ന ആ ലുക്ക് കണ്ട് എല്ലാവരും വീണ്ടും അത്ഭുതപ്പെട്ടു. എപ്പോഴും മുണ്ടും ഷർട്ടും മാത്രം പോരല്ലോ എന്ന് കരുതിയാണ് ആ ഒരു മാറ്റം വരുത്തിയത്.’ ആർ.ജെ ബാലാജി പറയുന്നു.

ഏതു വേഷത്തോടുമുള്ള സൂര്യയുടെ സമർപ്പണവും ആത്മാർത്ഥതയുമാണ് ‘കറുപ്പ്’ എന്ന ചിത്രത്തിലൂടെ വീണ്ടും തെളിയുന്നത്. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചുകൊണ്ട്, റെക്കോർഡുകൾ തകർത്ത് ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്.

Content Highlight: RJ Balaji says everyone was amazed by Suriya’s ‘Singam’ look in Karuppu

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more