| Monday, 18th May 2026, 9:04 am

ഇങ്ങനെയാണെങ്കില്‍ രാജസ്ഥാന്‍ ആദ്യ നാലില്‍ എത്തില്ല: പ്രതീക്ഷ കൈവിട്ട് പരാഗ്

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ദല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

മത്സരശേഷം ഈ തോല്‍വിയെക്കുറിച്ച് രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് സംസാരിക്കുകയും ചെയ്തു. ടീമിന്റെ പ്രകടനം ഇങ്ങനെയാണെങ്കില്‍ രാജസ്ഥാന്‍ ആദ്യ നാലില്‍ ഇടം നേടരുതെന്നാണ് പരാഗ് പറഞ്ഞത്. മറ്റുള്ള ടീമുകളുടെ വിജയങ്ങള്‍ ആശ്രയിച്ചുകൊണ്ട് തന്റെ ടീം പ്ലേ ഓഫിലെത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാഗ് പറഞ്ഞു. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കുമെന്നും പരാഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘വളരെ മോശം പ്രകടനമായിരുന്നു. ഒരു ട്രോഫി നേടാനും എല്ലാ വര്‍ഷവും അതിനായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഇന്നത്തെ കളിയേക്കാള്‍ നമ്മള്‍ മെച്ചപ്പെടേണ്ടതുണ്ട്. ഇതില്‍ ഞാന്‍ വളരെ നിരാശനാണ്. കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളില്‍ നമ്മള്‍ ഇതിലും നല്ല രീതിയില്‍ കളിച്ചിരുന്നു. എന്നാല്‍ ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ പ്രകടനം മികച്ചതായിരുന്നില്ല. ഇങ്ങനെയാണെങ്കില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ക്കായി പോലും മത്സരിക്കാന്‍ നമുക്ക് സാധിക്കില്ല.

ഇനി മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും. എന്നാല്‍ അങ്ങനെ ചിന്തിക്കാനോ ടീമിനോട് അത് പറയാനോ എനിക്ക് ഇഷ്ടമല്ല. ‘നമ്മള്‍ ജയിക്കണമെങ്കില്‍ മറ്റുള്ളവര്‍ തോല്‍ക്കണം’ എന്ന രീതിയില്‍ ഞാന്‍ ഒരിക്കലും സംസാരിക്കില്ല. ഞങ്ങള്‍ക്ക് നല്ലൊരു അവസരം ലഭിച്ചിരുന്നു. പക്ഷെ അത് ഉപയോഗിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ യോഗ്യത നേടാത്തതിന്റെ ഉത്തരവാദിത്വം ഞങ്ങളുടേത് തന്നെയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ എങ്ങനെ നന്നായി കളിക്കാമെന്ന് നോക്കാം. രണ്ട് വിജയങ്ങള്‍ നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ റിയാന്‍ പരാഗ് പറഞ്ഞു.

അതേസമയം രാജസ്ഥാനെതിരെയുള്ള വിജയത്തോടെ ദല്‍ഹി തങ്ങളുടെ പോയിന്റ് 12 ആക്കി ഉയര്‍ത്തി. മെയ് 24ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ദല്‍ഹിയുടെ മത്സരം. ഈ മത്സരം വിജയിക്കുകയും മറ്റ് ടീമുകളുടെ ഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ അക്‌സര്‍ പട്ടേലിനും സംഘത്തിനും പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവും.

എന്നാല്‍ തോല്‍വിയോടെ രാജസ്ഥാന് പ്ലേ ഓഫിലെത്തണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും വേണം. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കെതിരെയാണ് രാജസ്ഥാന്റെ മത്സരങ്ങള്‍.

Content Highlight: Riyan Parag Talks Rajasthan Royals play off chances in ipl 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more