| Thursday, 19th March 2026, 5:29 pm

വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പോലൊരു താരമാണ് സഞ്ജു ഭായി; മനസ് തുറന്ന് റിയാന്‍ പരാഗ്

ശ്രീരാഗ് പാറക്കല്‍

സൂപ്പര്‍ താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് റീപ്ലെയ്‌സ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചതുപോലുമില്ലെന്ന് സഹ താരമായിരുന്ന റിയാന്‍ പരാഗ്. വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പോലൊരു താരമാണ് സഞ്ജു സാംസണെന്നും, അദ്ദേഹത്തെ റീപ്ലെയ് ചെയ്യാന്‍ സാധിക്കില്ലെന്നും പരാഗ് പറഞ്ഞു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയായ പരാഗ്.

‘അദ്ദേഹത്തെ (സഞ്ജു സാംസണ്‍) റീപ്ലെയ്‌സ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചത് പോലുമില്ല. നിങ്ങള്‍ക്ക് വിരാട് കോഹ്‌ലിയെയോ രോഹിത് ശര്‍മയെയോ റീപ്ലെയ്‌സ് ചെയ്യാന്‍ സാധിക്കുമോ? ഇല്ല. സഞ്ജു ഭായി പകരം വെക്കാന്‍ സാധിക്കാത്ത ഒരു താരമാണ്. അദ്ദേഹത്തെ പോലെ സ്‌കില്ലുള്ള ഒരു താരത്തെ നിങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞേക്കും പക്ഷെ അദ്ദേഹത്തിന് പകരമാവില്ല ഒന്നും.

എന്നിരുന്നാലും ഈ വര്‍ഷം ഞങ്ങള്‍ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് മത്സരങ്ങള്‍ വിജയിക്കാനാണ്. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ക്ക് അതിന് സാധിച്ചിരുന്നില്ല. ഞങ്ങളുടെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റും ബാറ്റിങ് ലൈനപ്പും മികച്ചതാണ്. ഞങ്ങള്‍ക്ക് ബാലന്‍സ്ഡായിട്ടുള്ള ലെഫ്റ്റ് – റൈറ്റ് ബാറ്റിങ് കോംബിനേഷനുണ്ട്. മാത്രമല്ല രവീന്ദ്ര ജഡേജയില്‍ നിന്നും ഞങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്,’ റിയാന്‍ പരാഗ് പി.ടി.ഐയോട് പറഞ്ഞു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരമായിരുന്നു സഞ്ജു. ക്യാപ്റ്റനായും വിക്കറ്റ് കീപ്പര്‍ ബാറ്ററായും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരുപാട് സംഭവനകള്‍ നല്‍കിയ താരം കൂടിയാണ് സഞ്ജു. 2022ല്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച സഞ്ജുവിന് സീസണിലെ ഫൈനലിലെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിന് മുന്നില്‍ പരാജയപ്പെട്ട് തങ്ങളുടെ കിരീടമോഹം തകരുകയായിരുന്നു.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ 19ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായി. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും.

Content Highlight: Riyan Parag Talks About Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more