| Friday, 5th December 2025, 10:06 pm

സഞ്ജുവിന് എന്റെ കരിയറില്‍ വലിയ റോള്‍, ടീം വിട്ടത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല: റിയാന്‍ പരാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളി താരം സഞ്ജു സാംസണ്‍ തന്റെ കരിയറില്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.

തനിക്ക് മലയാളി താരവുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആദ്യം ടീമിലേക്ക് വന്നപ്പോള് തന്നെ സഞ്ജു ഒരുപാട് പിന്തുണച്ചിരുന്നവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു പരാഗ്.

റിയാൻ പരാഗ് Photo: SmitianEra/x.com

‘സഞ്ജു ഭായ് (സാംസണ്‍) എന്റെ കരിയറില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം ടീം വിട്ടത് ഞാന്‍ ചിന്തിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ എനിക്ക് സങ്കടം വരും. ഞങ്ങള്‍ വളരെ അടുപ്പത്തിലായിരുന്നു. ഞാന്‍ ആദ്യമായി രാജസ്ഥാന്‍ റോയല്‍സിന് ചേര്‍ന്നപ്പോള്‍ അദ്ദേഹം എനിക്ക് വലിയ പിന്തുണ നല്‍കി. ഞാന്‍ അസമില്‍ നിന്നുള്ള ഒരു 17-18 വയസുള്ള കുട്ടിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല.

ഒരുപക്ഷേ, അത് സഞ്ജു ഭായിയും അത്തരമൊരു സാഹചര്യത്തില്‍ നിന്ന് വന്നതുകൊണ്ടാവും. അദ്ദേഹവും ഒരു യുവതാരമായിട്ടാണല്ലോ ടീമിലേക്ക് എത്തിയത്. കൂടാതെ, അധികം ക്രിക്കറ്റ് താരങ്ങള്‍ ദേശീയ തലത്തിലേക്ക് വന്നിട്ടില്ലാത്ത കേരളത്തില്‍ നിന്നുമാണല്ലോ അദ്ദേഹം വരുന്നത്. അതുകൊണ്ട് തന്നെ എന്റെ പശ്ചാത്തലം അദ്ദേഹത്തിന് നന്നായി മനസിലാക്കാന്‍ സാധിച്ചു. സഞ്ജു ഭായ് എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുകയും എനിക്ക് ഒരുപാട് സ്‌നേഹം നല്‍കുകയും ചെയ്തിട്ടുണ്ട്,’ പരാഗ് പറഞ്ഞു.

സഞ്ജു സാംസണും റിയാൻ പരാഗും രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ Photo: Johns/x.com

ഐ.പി.എല്‍ 2026ന് മുന്നോടിയായി സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയിരുന്നു. ഈ ട്രേഡ് യാഥാര്‍ത്ഥ്യമാവുന്നതിന് മുമ്പ് തന്നെ താരം ആര്‍.ആര്‍ വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ടീമുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഒപ്പം റിയാന്‍ പരാഗിന് അതിന് ഒരു കാരണമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്ക് പറ്റി പുറത്തിരുന്ന മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചിരുന്നത് പരാഗായിരുന്നു. സഞ്ജു തിരിച്ചെത്തിയപ്പോഴും ടീം മാനേജ്മന്റ് പരാഗിനെ മാറ്റാന്‍ തയ്യാറല്ലെന്നും ഐ.പി.എല്‍ 2026ലും പരാഗിനെ തന്നെ ക്യാപ്റ്റനാക്കാന്‍ ടീമിന് ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Riyan Parag talks about Sanju Samson’s support when he joined Rajasthan Royals

We use cookies to give you the best possible experience. Learn more