2026 ഐ.പി.എല്ലില്‍ കിരീടമെന്ന സ്വപ്നം ബാക്കിയാക്കി രാജസ്ഥാന്‍ റോയല്‍സ് മടങ്ങിയിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടാണ് രാജസ്ഥാന്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു. ഐ.പി.എല്ലിലെ മൂന്നാം ഫൈനല്‍ പോരാട്ടത്തിനാണ് ഗുജറാത്ത് യോഗ്യത നേടിയിരിക്കുന്നത്.
മത്സരം പരാജയപ്പെട്ടെങ്കിലും യുവതാരം വൈഭവ് സൂര്യവംശിയുടെ പോരാട്ടമാണ് കയ്യടി നേടിയത്. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് ഗുജറാത്തിനെതിരെ അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം മടങ്ങുകയായിരുന്നു.
മത്സരശേഷം വൈഭവിന്റെ ഈ തകര്‍പ്പന്‍ പ്രകടനങ്ങളെ രാജസ്ഥാന്‍ നായകന്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. സാധാരണ ശൈലിയില്‍ നിന്നും വ്യത്യസ്തമായി കൃത്യമായി കണക്ക് കൂട്ടലുകളോടെയാണ് വൈഭവ് കളിച്ചതെന്നാണ് വൈഭവ് പറഞ്ഞത്. രാജസ്ഥാന് വേണ്ടി രണ്ടാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ വൈഭവിന് സാധിക്കുമെന്നും പരാഗ് വ്യക്തമാക്കി.
‘അവന്‍ ഒരുപാട് റണ്‍സ് നേടാനും വേണമെങ്കില്‍ പതുക്കെ കളിക്കാനും കഴിവുള്ള താരമാണ്. എന്നാല്‍ അവന്‍ സാധാരണയായി അങ്ങനെ കളിക്കാറില്ല. ഈ ഇന്നിങ്സ് കണ്ടാല്‍ അത് മനസിലാവും. അവന്‍ കൃത്യമായി കണക്ക് കൂടി കൃത്യമായ ഷോട്ടുകള്‍ കളിച്ചു. അത് എങ്ങനെയാണ് ചെയ്തതെന്ന് പറയുക ബുദ്ധിമുട്ടാണ്. അവന്‍ ഏറ്റവും മികച്ച പ്രകടനം നടത്തി രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കി ഞങ്ങള്‍ക്ക് രണ്ടാമത്തെ കിരീടം നേടികൊടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ റിയാന്‍ പരാഗ് പറഞ്ഞു.
ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും വൈഭവിന് സാധിച്ചിരുന്നു. വൈഭവിന്റെ ഈ 1000 റണ്‍സ് നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരം കൂടിയാണ് വൈഭവ്. തന്റെ 23ാം ഇന്നിങ്‌സിലാണ് വൈഭവിന്റെ നേട്ടം. 25 ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സ് സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനെ മറികടന്നാണ് 15കാരന്റെ കുതിപ്പ്.
അതേസമയം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് വിജയിച്ചു കയറിയത്. 53 പന്തില്‍ 104 റണ്‍സ് നേടിയാണ് ഗില്‍ തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗുജറാത്ത് നായകന്റെ ഇന്നിങ്‌സ്.
അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശനും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. 32 പന്തില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്‌സുമടക്കം 58 റണ്‍സാണ് ആണ് സുദര്‍ശന്‍ നേടിയത്.
മെയ് 31നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന കിരീട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്തുമാണ് ഏറ്റുമുട്ടുന്നത്.
Content Highlight: Riyan Parag Praises Vaibhav Suryavamshi performance in IPL 2026