| Saturday, 2nd May 2026, 4:35 pm

10 റണ്‍സ് കൂടി നേടാമായിരുന്നില്ലേ പരാഗേ! ചരിത്രത്തില്‍ ഇപ്പോഴും ഒരേയൊരു സഞ്ജു മാത്രം

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി അഞ്ച് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിന്റെ പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരാഗ് 50 പന്തില്‍ 90 റണ്‍സ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് രാജസ്ഥാന്‍ ക്യാപ്റ്റന്റെ പ്രകടനം. വെറും 10 റണ്‍സ് അകലെയാണ് പരാഗിന് സെഞ്ച്വറി നഷ്ടമായത്.

റിയാൻ പരാഗ്. Photo: IndianPremierLeague/x.com

മത്സരത്തില്‍ സെഞ്ച്വറിക്കൊപ്പം ഒരു വമ്പന്‍ റെക്കോഡുമാണ് പരാഗിന് നഷ്ടമായത്. രാജസ്ഥനായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാവാനുള്ള അവസരമാണ് പരാഗിന് നഷ്ടമായത്. ഈ റെക്കോഡില്‍ തുടരുന്ന ഏക താരം മുന്‍ നായകന്‍ സഞ്ജു സാംസണ്‍ ആണ്.

2021ലായിരുന്നു സഞ്ജു രാജസ്ഥനായി ക്യാപ്റ്റനായി ആദ്യ സെഞ്ച്വറി നേടിയത്. പഞ്ചാബ് കിങ്‌സിനെതിരെ 63 പന്തില്‍ 119 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെയായിരുന്നു രാജസ്ഥാന് വേണ്ടി സഞ്ജുവിന്റെ സെഞ്ച്വറി പിറന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

അതേസമയം മത്സരത്തില്‍ ദല്‍ഹിക്കായി അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ കെ.എല്‍. രാഹുലാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 40 പന്തില്‍ 75 റണ്‍സാണ് താരം നേടിയത്. 187.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പറുടെ ബാറ്റിങ്. അഞ്ച് സിക്‌സുകളും ആറ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

പാതും നിസങ്ക 33 പന്തില്‍ 62 റണ്‍സ് നേടി. 17 പന്തില്‍ 33 റണ്‍സുമായി നിതീഷ് റാണയും 15 പന്തില്‍ 25 റണ്‍സുമായി അശുതോഷ് ശര്‍മയും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

ബൗളിങ്ങില്‍ രാജസ്ഥനായി തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മറുവശത്ത് ദല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളും അക്സര്‍ പട്ടേല്‍, കൈല്‍ ജാമിസണ്‍, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമെടുത്തു.

Content Highlight: Riyan Parag Miss Century And Loss a Historical Record for Rajasthan Royals

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more