| Tuesday, 26th May 2026, 4:28 pm

സഞ്ജു വീണിടത്ത് നിന്നും വാർണറിനൊപ്പമെത്താം; ചരിത്രത്തിനരികെ പരാഗ്

Sudev A

2026 ഐ.പി.എൽ ആവേശം പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. 10 ടീമുകൾ കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങിയ ടൂർണമെന്റിൽ ഇപ്പോൾ നാല് ടീമുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത്‌ ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്. ഈ നാല് ടീമുകളും തങ്ങളുടെ രണ്ടാം ഐ.പി.എൽ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

ഒന്നാം ക്വാളിഫയറിൽ ആർ.സി.ബിയും ഗുജറാത്തുമാണ് നേർക്കുനേർ എത്തുന്നത്. എലിമിനേറ്ററിൽ ഹൈദരാബാദും രാജസ്ഥാനും ഏറ്റുമുട്ടും. 16 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് റിയാൻ പരാഗും സംഘവും പ്ലേ ഓഫ് ടിക്കറ്റെടുത്തത്. ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനത്തെ നിർണായകമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തിയായിരുന്നു രാജസ്ഥാന്റെ പ്ലേ ഓഫ് മുന്നേറ്റം. രാജസ്ഥാൻ വിജയിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഉണ്ടായിരിക്കുന്ന പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പുറത്താവുകയും ചെയ്തു.

ഐ.പി.എല്ലിൽ ഇത് ഏഴാം തവണയാണ് രാജസ്ഥാൻ പ്ലേ ഓഫിലേക്ക് മുന്നേറുന്നത്. ഇതിനുമുമ്പ് 2024ൽ മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാൻ പ്ലേ ഓഫിൽ എത്തിയത്. എന്നാൽ സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ പരാജയപ്പെടുകയായിരുന്നു. 2022ൽ സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ ഫൈനൽ വരെയും മുന്നേറിയിരുന്നു. എന്നാൽ ഗുജറാത്ത്‌ ടൈറ്റൻസിനോട് റോയൽസ് അടിയറവ് പറയുകയായിരുന്നു.

2008ൽ ആദ്യ ഐപിഎൽ സീസണിൽ ഷെയ്ൻ വോണിന് കീഴിൽ കിരീടം ചൂടിയതിന് ശേഷം ഒരിക്കൽ പോലും രാജസ്ഥാന് കിരീട നേട്ടത്തിലെത്താൻ നേടാൻ സാധിച്ചിട്ടില്ല. ഇപ്പോൾ പരാഗിന്റെ കീഴിൽ രാജസ്ഥാന്റെ നീണ്ട വർഷക്കാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രാജസ്ഥാനെ പ്ലേ ഓഫിലേക്ക് നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനെന്ന തലയെടുപ്പോടെയാണ് പരാഗ് എത്തുന്നത്.

എന്നാൽ രാജസ്ഥാന് രണ്ടാം കിരീടത്തിലേക്ക് കുതിക്കാൻ മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. എലിമിനേറ്ററും രണ്ടാം ക്വാളിഫയറും വിജയിച്ച് ഫൈനലിലെത്തി കിരീടം ഉയർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ഇതിന് മുമ്പ് ഈ അസാധ്യമായ കാര്യം ഐ.പി.എല്ലിൽ ചെയ്തു കാണിച്ച ഒരു ഒരു ക്യാപ്റ്റനും ടീമും ചരിത്രത്തിലുണ്ട്. ഐ.പി.എല്ലിൽ എലിമിനേറ്റർ കളിച്ച് കിരീടം ഉയർത്തിയ ഏക ക്യാപ്റ്റൻ ഡേവിഡ് വാർണറാണ്. 2016ൽ ആയിരുന്നു വാർണറിന്റെ നേതൃത്വത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് മൂന്ന് കട്ടമ്പയും കടന്ന് കിരീടം ഉയർത്തിയത്.

2016 സീസണിൽ 14 മത്സരങ്ങളിൽ നിന്നും 16 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ആയിരുന്നു ഹൈദരാബാദ് ഫിനിഷ് ചെയ്തിരുന്നത്. എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 22 റൺസിന് തകർത്തായിരുന്നു ഓറഞ്ച് ആർമി രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയത്. ഒന്നാം ക്വാളിഫയറിൽ ആർ.സി.ബിയോട് പരാജയപ്പെട്ടെത്തിയ ഗുജറാത്ത്‌ ലയൺസിനെയായിരുന്നു രണ്ടാം ക്വാളിഫയറിൽ വാർണറും സംഘവും വീഴ്ത്തിയത്. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 162 റൺസ് വാർണറുടെ 93 റൺസിന്റെ കരുത്തിൽ ഹൈദരാബാദ് മറികടന്നു.

ഫൈനലിൽ ആർ.സി.ബിയെ തകർത്തായിരുന്നു ഓറഞ്ച് ആർമി കിരീടം ചൂടിയത്. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 208 റൺസാണ് അടിച്ചെടുത്തത്. എന്നാൽ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബെംഗളൂരുവിന് 200 റൺസ് മാത്രം നേടാനാണ് സാധിച്ചത്.

ഡേവിഡ് വാർണറിന് ശേഷം എലിമിനേറ്റർ കളിച്ച് കിരീടം നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടം ചരിത്രത്തിൽ എഴുതി ചേർക്കാനുള്ള അവസരമാണ് പരാഗിന്റെ മുന്നിലുള്ളത്. സഞ്ജുവടക്കമുള്ള രാജസ്ഥാന്റെ പല ക്യാപ്റ്റൻമാർക്കും സ്വന്തമാക്കാനാവാത്ത ഈ സുവർണ നേട്ടം ഈ സീസണിൽ പിറവിയെടുക്കുമയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്

Content Highlight: Riyan Parag has a chance to become the second captain to win the title by playing in the Eliminator in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more