| Sunday, 4th January 2026, 3:43 pm

എനിക്കായി മാറ്റിയ തിരക്കഥ; അന്ന് വായിക്കുമ്പോള്‍ കഥയില്‍ തമാശയുണ്ടായിരുന്നില്ല: റിയ ഷിബു

ഐറിന്‍ മരിയ ആന്റണി

100 കോടിയും നേടി തിയേറ്ററില്‍ മികച്ച മുന്നേറ്റം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാത്തില്‍ പുറത്തിറങ്ങിയ സര്‍വ്വം മായ. ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ നൂറ് കോടി കൂടിയാണ്.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ഡെലൂലുവായി തിളങ്ങിയ നടിയാണ് റിയ ഷിബു. ഫീല്‍ഗുഡ് പടത്തിലെ പ്രേതമായെത്തിയ റിയ ഇതിനോടകം പ്രേക്ഷക ഹൃദയം കീഴടക്കി. ഇപ്പോള്‍ ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് റിയ.

റിയ ഷിബു Photo: Riya Shibu/ fb.com

‘വളരെ ആസ്വദിച്ച് ചെയ്ത വേഷമാണ് ഡെലൂലു. കഥാപാത്രവും ഞാനും തമ്മില്‍ വ്യത്യാസമില്ല. സ്വഭാവം, മാനറിസങ്ങള്‍ എല്ലാം എന്റെപോലെയാണ്. ഞാന്‍ ചെയ്താല്‍ ശരിയാകുമോയെന്ന് കുറെ ആലോചിച്ചു. പക്ഷേ, എനിക്കുമാത്രമായിരുന്നു ആശങ്ക. സെറ്റിലുള്ള ബാക്കിയുള്ളവരോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് എല്ലാം ഓക്കെയായിരുന്നു.

അഭിനയിക്കുമ്പോള്‍ ഇത് ഹിറ്റാണ്, അവിടെ കൈയടിയുണ്ടാകും എന്നെല്ലാം പറയുമായിരുന്നു. അത് നല്ല ആത്മവിശ്വാസമാണ് തന്നത്. സംവിധായകന്‍ അഖില്‍ സത്യനും സത്യന്‍ അന്തിക്കാടും തന്ന പിന്തുണ വലുതാണ്. ദിവസവും ഞാന്‍ ഓകെ ആണോ എന്ന് ചോദിക്കും. അങ്ങനെ ഒരു രീതിയിലാണ് അവര്‍ എന്നെ പരിഗണിച്ചിരുന്നത്. അത് കാര്യങ്ങള്‍ എളുപ്പമാക്കി,’റിയ പറഞ്ഞു.

താന്‍ സിനിമയുടെ ഭാഗമായശേഷമാണ് തന്റെ രീതിയിലേക്ക് തിരക്കഥ മാറ്റിയതെന്നും തനിക്ക് മനസിലാകു ന്ന രീതിയിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും നടി പറഞ്ഞു. കുട്ടിത്തവും തന്റെ മാനറിസങ്ങളും ചേര്‍ത്തുവെന്നും റിയ കൂട്ടിച്ചേര്‍ത്തു.

‘എന്റെ ഒരു ഇന്‍സ്റ്റാ റീല്‍ കണ്ടാണ് അഖില്‍ ചേട്ടന്‍ വിളിക്കുന്നത്. സംസാരിക്കുന്ന രീതി കൊള്ളാമെന്ന് പറഞ്ഞു. പപ്പയെ വിളിച്ചിട്ട് അഭിനയിക്കുന്നതിനെപ്പറ്റി പറഞ്ഞു. എന്റെ കുട്ടി ത്തവും തമാശ മൂഡും കറക്ടാകുമെന്ന് അഖില്‍ ചേട്ടന്‍ പറഞ്ഞു. ഓഡിഷന്‍ ചെയ്തു. തിരക്കഥ വായിച്ചപ്പോള്‍ ഇഷ്ടമായി. പക്ഷേ, അപ്പോള്‍ തിരക്കഥയില്‍ തമാശയുണ്ടായിരുന്നില്ല. സിനിമയുടെ ഐഡിയ ഇഷ്ടമായി,’ റിയ പറഞ്ഞു.

സിനിമയില്‍ നിവിന്‍ പോളിക്ക് പുറമെ , പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Riya Shibu talks about her character and the script in Sarvam Maya 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more