| Friday, 20th February 2026, 7:00 pm

അമ്മ പറഞ്ഞിട്ടാണ് ഞാന്‍ വിസ്മയത്തുമ്പത്ത് കണ്ടത്; സര്‍വ്വം മായ ചെയ്യുമ്പോള്‍ റിലേറ്റ് ചെയ്യാന്‍ പറ്റി: റിയ ഷിബു

ഐറിന്‍ മരിയ ആന്റണി

തിയേറ്ററിലെ മഹാവിജയത്തിന് ശേഷം ഒ.ടി.ടിയിലും ചര്‍ച്ചാവിഷയമായി മാറിയ സിനിമയാണ് അഖില്‍ സത്യന്‍ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയുടെ പ്രഭേന്ദുവെന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് ഡെലൂലു.

ഫീല്‍ ഗുഡ് സിനിമയിലെ ജെന്‍സി പ്രേതമായെത്തിയ റിയ ഷിബു ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനം കവര്‍ന്നു. ഓണ്‍ലൈനില്‍ ഡ്രസ് ഓര്‍ഡര്‍ ചെയ്യുന്ന, മനുഷ്യരെ കണ്ടാല്‍ പേടിക്കുന്ന പ്രേതത്തെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഏറ്റെടുത്തു.

photo: റിയ ഷിബു/ സര്‍വ്വം മായിലെ രംഗത്തില്‍ നിന്നും

ക്രിഞ്ചായി പോകാന്‍ സാധ്യതകളേറെയുള്ള കഥാപാത്രത്തെ റിയ കയ്യടക്കത്തോടെ അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.  ഇപ്പോള്‍ സുധിര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സര്‍വ്വം മായക്ക് മുമ്പ് താന്‍ കണ്ട സിനിമകളെ കുറിച്ച് റിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘സര്‍വ്വം മായ ചെയ്യുന്നതിന് മുമ്പ് ഞാന്‍ വിസ്മയത്തുമ്പത്ത് കണ്ടിരുന്നു. ‘ഇതുപോലെ ഒരു സിനിമ ഞാന്‍ കണ്ടിട്ടുണ്ട്, അത് നമ്മുക്ക് കാണാം’ എന്ന് അമ്മ പറഞ്ഞപ്പോഴാണ് ഞാന്‍ വിസ്മയത്തുമ്പത്ത് കണ്ടത്. ആ സിനിമ കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റഡായി. വിസ്മയത്തുമ്പത്ത് വളരെ ആസ്വദിച്ചാണ് കണ്ടത്. സിനിമ കണ്ടുകൊണ്ട് ഞാന്‍ ഒരുപാട് ചിരിച്ചു. വിസ്മയത്തുമ്പത്ത് കണ്ടതുകൊണ്ട് സര്‍വ്വം മായ ഒന്നുകൂടി എനിക്ക് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു.

വിസ്മയത്തുമ്പത്ത്, സര്‍വ്വം മായ
Photo: Screengrab/Facebook

ഇംഗ്ലീഷില്‍ ജസ്റ്റ് ലൈക്ക് ഹെവന്‍ എന്ന ഒരു സിനിമയും ഞാന്‍ കണ്ടിരുന്നു. സര്‍വ്വം മായയുടെ ഒരു ടോണും എനര്‍ജിയും എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ഈ സിനിമകളൊക്കെ എന്നെ സഹായിച്ചു. പക്ഷേ സര്‍വ്വം മായയുടെ ടോണ്‍, ഞാന്‍ വിചാരിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോഴാണ് എനിക്കത് മനസിലായത്,’ റിയ ഷിബു പറയുന്നു.

തന്റെ കഥാപാത്രത്തിന്റെ ബ്രീഫ് തന്നപ്പോള്‍ അഖില്‍ പറഞ്ഞത് ഇവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരെക്കാളും ചീയര്‍ഫുളായിട്ടുള്ള പ്രേതമാണ് താന്‍ എന്നാണെന്നും ഡെലൂലു അത്രയും ചീയര്‍ഫുളായത് കൊണ്ടാണ് സിനിമയുടെ അവസാനം കാണുമ്പോള്‍ എല്ലാവരും ഇമോഷണലായതെന്നും ഇവിടെ എല്ലാവരെയും പോലെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കിലും മറ്റുള്ളവരെക്കാളും അലൈവാണ് ഡെലൂലുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ കഴിഞ്ഞ വര്‍ഷം ക്രിസമസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ അജു വര്‍ഗീസ്, ജനാര്‍ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

അതേസമയം അതിരടിയാണ് റിയയുടേതായി വരാനാരിക്കുന്ന ചിത്രം. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകന്‍.

Content Highlight:  Riya Shibu says she saw Visayamthumbat before doing the film Sarvam Maya

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more