| Saturday, 20th June 2026, 9:44 pm

ഡെലുലുവിന്റെ ബാധ വിട്ടുപോകാതെ റിയ ഷിബു, അതിരടിയിലും വിരസതയായി ഡയലോഗ് ഡെലിവറി

അമര്‍നാഥ് എം.

ദൃശ്യം 3യുടെ റിലീസിനിടയില്‍ പെട്ട് പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പ് ഉയര്‍ത്തുന്നതില്‍ വിജയിച്ചു. റിലീസിന് മുമ്പ് അണിയറപ്രവര്‍ത്തകര്‍ ഓടിനടന്ന് പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന്റെ ആദ്യദിനങ്ങളില്‍ കളക്ഷന് ഗുണം ചെയ്തു.

ദൃശ്യം 3യുടെ കുതിപ്പിനിടയിലും ബോക്‌സ് ഓഫീസില്‍ 60 കോടിയിലേറെ ചിത്രം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററിലെന്ന പോലെ ഒ.ടി.ടിയിലും സമ്മിശ്ര പ്രതികരണമാണ് അതിരടി നേടുന്നത്. ഒരു കോളേജ് ഫെസ്റ്റും അതിനിടയില്‍ നടക്കുന്ന ഈഗോ ക്ലാഷുമാണ് ചിത്രത്തിന്റെ കഥ.

റിയ ഷിബു Photo: Screen grab/ Saregama Malayalam

ഇന്റര്‍വെല്ലിനോടടുക്കുമ്പോഴാണ് ചിത്രം പ്രധാന ട്രാക്കിലേക്ക് കയറുന്നത്. സാം കുട്ടി എന്ന കോളേജ് വിദ്യാര്‍ത്ഥിയും തോട്ട കുട്ടന്‍ എന്ന ഗുണ്ടയും തമ്മിലുള്ള ഈഗോ ക്ലാഷ് കൃത്യമായി വരച്ചുകാട്ടുന്നതില്‍ സംവിധായകന്‍ ഒരുപരിധി വരെ വിജയിച്ചു. സര്‍വ്വം മായയിലൂടെ ശ്രദ്ധ നേടിയ റിയ ഷിബുവാണ് അതിരടിയിലെ നായിക. കഥയില്‍ കാര്യമായിട്ട് ഒന്നും റിയക്ക് ചെയ്യാനുണ്ടായിരുന്നില്ല.

ചിത്രത്തിലെ ഏറ്റവും വലിയ നെഗറ്റീവുകളിലൊന്ന് റിയയുടെ ഡയലോഗ് ഡെലിവറിയായിരുന്നു. സര്‍വ്വം മായയിലെ ഡെലുലുവിന്റെ അതേ ഡയലോഗ് ഡെലിവറിയാണ് അതിരടിയിലെ സ്വാതിക്കും. ചില സീനുകള്‍ കാണുമ്പോള്‍ ഇത് സര്‍വ്വം മായയാണോ എന്നുവരെ സംശയിച്ചു. ട്രെന്‍ഡിനനുസരിച്ച് ഒരു താരത്തെ കാസ്റ്റ് ചെയ്തു എന്നതിലപ്പുറത്തേക്ക് ഈ കഥാപാത്രത്തിന് സിനിമയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനോ പറയാനോ ഉണ്ടായിരുന്നില്ല.

റിയ ഷിബു Photo: Screen grab/ Saregama Malayalam

സിനിമയില്‍ ആദ്യാവസാനം നിറഞ്ഞുനിന്ന കഥാപാത്രങ്ങളിലൊന്നാണ് റിയയുടെ സ്വാതി കൃഷ്ണ. ഒട്ടും വെറുപ്പിച്ചില്ലെങ്കിലും സിനിമയില്‍ അത്ര പ്രാധാന്യമില്ലാത്ത ഒന്നായിരുന്നു സ്വാതി. ബേസില്‍- റിയ കോമ്പിനേഷനും വേണ്ട രീതിയില്‍ വര്‍ക്കായിട്ടില്ല. വളരെ കുറച്ച് സീനുകള്‍ മാത്രമുള്ള വിഷ്ണു അഗസ്ത്യയുടെ കഥാപാത്രത്തോട് തോന്നിയ ഇമോഷണല്‍ കണക്ഷന്‍ പോലും സാം കുട്ടിയോടോ സ്വാതിയോടോ തോന്നിയിട്ടില്ല.

തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ പലരും ചൂണ്ടിക്കാണിച്ച ‘അമ്മപുതപ്പേ’ എന്ന പാട്ടും ട്രോള്‍ മെറ്റീരിയലാണ്. ദൃശ്യം 3 ട്രോള്‍ പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് മാത്രം അതിരടി അത്രക്ക് എയറിലായിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വരുംദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് സീനുകളും ട്രോള്‍ മെറ്റീരിയലാകുമെന്ന് കരുതുന്നുണ്ട്.

Content Highlight: Riya Shibu’s dialogue delivery in Athiradi movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more