മലയാളസിനിമ മാറുന്നതിനോടൊപ്പം സിനിമകളിലെ പ്രേതങ്ങളിലും മാറ്റം കാണാനാകുന്നുണ്ട്. ഭാര്‍ഗവീനിലയം, ഇന്ദ്രിയം, ആകാശഗംഗ തുടങ്ങിയ സിനിമകളില്‍ വെള്ള സാരി ഉടുത്തുവന്നിരുന്ന പ്രേതങ്ങള്‍ പ്രേക്ഷകരെ പേടിപ്പിച്ചതിന് കയ്യും കണക്കുമില്ല. ഇടക്ക് ഒരുകാലത്ത് മലയാളത്തില്‍ ഹൊറര്‍ ഴോണറില്‍ സിനിമകള്‍ വരാതിരിക്കുകയും ചെയ്തിരുന്നു.
സിനിമയുടെ രീതികള്‍ മാറിയതിന് പിന്നാലെ ഹൊറര്‍ എന്ന ഴോണര്‍ വീണ്ടും സജീവമായി. പല തരത്തിലുള്ള ഹൊറര്‍ സിനിമകള്‍ വീണ്ടും ബിഗ് സ്‌ക്രീന്‍ കീഴടക്കി. ജൂതനായ പ്രേതത്തിന്റെ കഥ പറഞ്ഞ എസ്ര, ഹൊറര്‍ കോമഡി ഴോണറിലെത്തിയ അടി കപ്യാരേ കൂട്ടമണി, പ്രേതത്തെ കാണിക്കാത്ത രോമാഞ്ചം, ഭൂതകാലം തുടങ്ങിയ സിനിമകളെല്ലാം വ്യത്യസ്ത അനുഭവമായി. അത്തരത്തില്‍ ഫീല്‍ ഗുഡ് ഴോണറിലെത്തിയ പ്രേതമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനസ് കീഴടക്കിയിരിക്കുന്നത്.
റിയ ഷിബു Photo: Cinephile/ Facebook
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വം മായ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം ഒരുപോലെ സംസാരിച്ചത് ചിത്രത്തിലെ പ്രേതത്തെക്കുറിച്ചാണ്. പ്രേതമാണെന്ന് സ്വയം പറയാന്‍ മടിയുള്ളതുകൊണ്ട് ഡെല്യൂഷനാണെന്ന് സ്വയം പറഞ്ഞുനടക്കുന്ന ഡെലൂലു ഓരോരുത്തരുടെയും മനസ് നിറച്ചിട്ടുണ്ട്. പുതുമുഖമായ റിയ ഷിബുവാണ് ഡെലൂലുവായി വേഷമിട്ടത്.
മലയാള സിനിമ ഇന്നേവരെ കണ്ടതില്‍ വെച്ച് വ്യത്യസ്തമായ ഒരു പ്രേതമാണ് ഡെലൂലു. മറ്റുള്ള പ്രേതങ്ങളെ കാണുമ്പോള്‍ മനുഷ്യരാണ് പേടിക്കുന്നതെങ്കില്‍ ഇവിടെ നേരെ തിരിച്ചാണ്. മനുഷ്യരെ കാണുമ്പോള്‍ പേടിച്ച് നിലവിളിക്കുന്ന പ്രേതം പുതുമയുള്ളതായിരുന്നു. എന്താണ് പേരെന്നോ, എങ്ങനെയാണ് മരിച്ചതെന്നോ അറിയാത്ത ഡെലൂലു ചിരിപ്പിക്കുകയും അവസാനത്തോടടുക്കുമ്പോള്‍ കണ്ണ് നിറക്കുകയും ചെയ്യുന്നുണ്ട്.
റിയ ഷിബു Photo: Aju Varghese/ Facebook
ഒന്ന് പാളിയല്‍ ക്വീനിലെ ചിന്നു എന്ന കഥാപാത്രത്തെപ്പോലെ ട്രോള്‍ മെറ്റീരിയലാകേണ്ട കഥാപാത്രമായിരുന്നു ഡെലൂലു. എന്നാല്‍ സ്വാഭാവികമായ പ്രകടനത്തിലൂടെ റിയ തന്റെ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. കോമഡിയായാലും ഇമോഷണല്‍ സീനായാലും ഒരു പുതുമുഖത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ സ്‌ക്രീനില്‍ കൊണ്ടുവന്ന റിയയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
മലയാളത്തിലെയും തമിഴിലെയും ഏറ്റവും പ്രായം കുറഞ്ഞ നിര്‍മാതാവെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആളാണ് റിയ ഷിബു. മുറ, വീര ധീര സൂരന്‍ എന്നീ സിനിമകള്‍ നിര്‍മിച്ച റിയ ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. മുഴുനീള വേഷം ചെയ്ത ആദ്യ സിനിമയും ഹിറ്റായതോടെ സിനിമാലോകത്ത് റിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Content Highlight: Riya Shibu’s character in Sarvam Maya movie