2025 ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് വിജയം നേടുകയും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ നേടുകയും ചെയ്തിരുന്നു.
പ്രഭേന്ദുവെന്ന നിരീശ്വരവാദിയായ നമ്പൂതിരുടെ ജീവിത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ പറഞ്ഞ സര്‍വ്വം മായ ഒ.ടി.ടിയിലും ചര്‍ച്ചാ വിഷയമായിരുന്നു. സിനിമയില്‍ നിവിന്‍ പോളിയുടെ കഥാപാത്രം പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു റിയ ഷിബു അവതരിപ്പിച്ച ഡെലൂലൂ.
മനുഷ്യരെ കണ്ടാല്‍ പേടിക്കുന്ന പൂക്കി പ്രേതം മലയാളികളുടെ ഹൃദയം കീഴടക്കി. ഒരു ട്രെയ്‌ലര്‍ പോലും പുറത്തിറക്കാതെ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 150 കോടി നേടി. ഡെലൂലുവിനെ റിലീസ് വരെ ഒളിപ്പിച്ചുവച്ചത് പ്രേക്ഷകര്‍ക്ക് അവളോടുള്ള ഇഷ്ടം കൂടാന്‍ പ്രധാന കാരണമായി. ഇപ്പോള്‍ നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് റിയ.
‘റിലീസിന് മുമ്പ് വരെ എന്റെ കഥാപാത്രത്തെ കുറിച്ച് എവിടെയും പറഞ്ഞിരുന്നില്ല. ഇത് അഖില്‍ ചേട്ടന്റെ ആശയമായിരുന്നു. കാസ്റ്റിങ് മുതല്‍ സിനിമ തിയേറ്ററില്‍ എത്തുന്നതുവരെ ഡെലൂലു എന്ന കഥാപാത്രം ഉണ്ടെന്ന വിവരം രഹസ്യമായി വെച്ചു. ഒരു പുതുമയും സര്‍പ്രൈസും പ്രേക്ഷകര്‍ക്ക് നല്‍കുകയായിരുന്നു ലക്ഷ്യം. പ്രഭേന്ദു എന്ന കഥാപാത്രത്തിന് ലഭിച്ച അതേ സ്വീകാര്യത ഡെലൂലുവിനും ലഭിക്കണമെന്ന് അഖില്‍ ആഗ്രഹിച്ചിരുന്നു,’ റിയ പറയുന്നു.
ഒരു ‘പ്രേതം’ എന്ന പതിവ് സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി തന്റെ കഥാപാത്രം ഇത്രയും തെളിഞ്ഞു നില്‍ക്കാന്‍ കാരണം അഖില്‍ സത്യന്റെ ദര്‍ശനവും ടെക്‌നിക്കല്‍ ടീമിന്റെ പരിശ്രമവുമാണെന്നും ഡെലൂലു എന്ന പേര് പോലും ഇന്ന് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നും നടി പറഞ്ഞു.
താന്‍ എങ്ങനെയാണോ ജീവിതത്തില്‍ സംസാരിക്കുന്നത്, അതുപോലെ തന്നെയായിരുന്നു ഡെലൂലുവെന്നും തന്റെ ക്യാരക്ടറുമായി ഡെലൂലുവിന് സാമ്യമുണ്ടെന്നും റിയ കൂട്ടിച്ചേര്‍ത്തു.
കപ്പ് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച റിയ ഷിബു ഒരു നിര്‍മാതാവ് കൂടിയാണ്. വിക്രം നായകനായ വീര ധീര സൂരന് നിര്‍മിച്ചത് റിയ ഷിബുവും അച്ഛന്‍ ഷിബു തമിന്‍സും ചേര്‍ന്നാണ്. ബേസില്‍ നായകനായെത്തുന്ന അതിരടിയാണ് റിയയുടേതായി വരാനിരിക്കുന്ന ചിത്രം.
Content Highlight: Riya Shibu on her character Delulu and Sarvam Maya