| Tuesday, 30th December 2025, 7:32 am

പാട്ട് റിലീസായപ്പോള്‍ സോഷ്യല്‍ മീഡിയ തൊട്ടില്ല; ഇന്റര്‍വ്യൂ കണ്ടാണ് എന്നെ അഖില്‍ ചേട്ടന്‍ സിനിമയിലേക്ക് വിളിച്ചത്: റിയ ഷിബു

ഐറിന്‍ മരിയ ആന്റണി

സര്‍വ്വം മായ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച ഡെലൂലു ആണ്. ഫീല്‍ഗുഡ് പടത്തിലെ പ്രേതമായി വന്ന് പ്രേക്ഷകരുടെ മനസ് കീഴടക്കിയ റിയ ഷിബു ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങുന്നതെന്ന് ആദ്യം തന്നെ സൂചനകള്‍ തന്നിരുന്നു.

റിയ ഷിബു, നിവിന്‍ പോളി Photo: Riya shibu/ F.b.com

എന്നാല്‍ ഒരു ട്രെയ്‌ലര്‍ പോലും പുറത്ത് വിടാതെ എന്തൊ ഒരു സസ്‌പെന്‍സ് സംവിധായകന്‍ ഒളിപ്പിച്ചിരുന്നു. അതാണ് ഡെലൂലു. പുതുമുഖമായ റിയ ഷിബുവാണ് സിനിമയില്‍ ഡെലൂലുവായി വേഷമിട്ടത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ സന്തോഷം പങ്കുവെക്കുകയാണ് റിയ.

‘സര്‍വ്വം മായയുടെ ടീസറും പോസ്റ്ററുമൊക്കെ റിലീസ് ചെയ്തപ്പോള്‍ എനിക്കും അത് എന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാന്‍ തോന്നി. പക്ഷേ അതിന് പറ്റാത്തത് കൊണ്ട് അഖില്‍ ചേട്ടന്‍ ഇടുന്ന പോസ്‌റ്റോ, ടീമില്‍ ആരെങ്കിലും ഇടുന്ന പോസ്‌റ്റോ എടുത്തിട്ട്, ഞാന്‍ സ്‌റ്റോറി ഇടും. റിലീസ് വരെ ഞാന്‍ ഒരു സ്‌റ്റോറിയും ഷെയര്‍ ചെയ്തിട്ടില്ല. സിനിമയിലെ പാട്ടൊക്കെ റിലീസായ സമയത്തും, ഞാന്‍ സോഷ്യല്‍ മീഡിയ തൊട്ടിട്ടില്ല,’ റിയ പറഞ്ഞു.

അഖില്‍ സത്യനാണ് സര്‍വ്വം മായയിലേക്ക് തന്നെ കാസ്റ്റ് ചെയ്തതെന്നും റെഡ് എഫ്.എമ്മിലെ ഒരു അഭിമുഖം കണ്ടിട്ടാണ് അദ്ദേഹം തന്നെ വിളിച്ചതെന്നും റിയ പറഞ്ഞു. ആദ്യം തന്റെ അച്ഛനെ വിളിച്ചാണ് അഖില്‍ സത്യന്‍ സംസാരിച്ചതെന്നും മകള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തന്നെ അച്ഛന്‍ യെസ് പറഞ്ഞുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

തന്റെ കഥാപാത്രത്തെ കുറിച്ച് മാത്രം പറയാനാണ് ആദ്യം സംവിധായകന്‍ വിളിച്ചതെന്നും പിന്നീട് കഥ മുഴുവന്‍ പറഞ്ഞപ്പോള്‍ തനിക്ക് വളരെ ഇന്‍ഡ്രസ്റ്റിങ് ആയി തോന്നിയെന്നും റിയ പറഞ്ഞു. നായകനായിട്ട് നിവിന്‍ പോളിയാണ് പ്ലാന്‍ ചെയ്യുന്നതെന്നാണ് അപ്പോള്‍ അഖില്‍ പറഞ്ഞതെന്നും റിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി കടന്നു. ആദ്യ ദിനങ്ങളില്‍ കളക്ഷനില്‍ ഒന്ന് കിതച്ചെങ്കിലും ഞായാറാഴ്ച്ചക്ക് ശേഷം പിന്നീട് ബോക്‌സ് ഓഫീസില്‍ മികച്ച മുന്നറ്റേം നടത്തി.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ്, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight:  Riya Shibu about her character in the movie Sarvam Maya

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more