| Thursday, 26th November 2026, 6:27 pm

ഫ്രണ്ട്‌സിന്റെ കൂടെ കളിക്കണമെന്ന് പറഞ്ഞ് മൂന്നാം ക്ലാസില്‍ സിനിമയിലഭിനയിക്കുന്നത് നിര്‍ത്തി:

അശ്വിന്‍ രാജേന്ദ്രന്‍

റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് സന്ദീപ് പ്രദീപ് നായകനാകുന്ന കോസ്മിക് സാംസണ്‍. അഭിജിത് ജോസ്ഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ നിന്നുമുള്ള മറ്റൊരു ഫാന്റസി ചിത്രം എന്ന സവിശേഷതയോടെ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഓരോ അപഡേറ്റുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

മുകേഷ്, മിയ ജോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് റിയ ജിത്തുവാണ്. ബാലതാരമായി മലയാള സിനിമയില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കോസ്മിക് സാംസണുണ്ട്. ബാല്യം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക് അവാര്‍ഡ് ലഭിച്ച റിയ, ബാല്യം, മധുചന്ദ്രലേഖ, ആനചന്തം, സൂര്യന്‍, കേരള കഫേ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ടുണ്ട്.

റിയ ജിത്തു. Photo: X.com

അടുത്തിടെ പുറത്തിറങ്ങിയ വെബ് സിരീസായ ഐസ്, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ ശക്തി തിരുമഗന്‍, ഭദ്രകാളി തുടങ്ങിയ ചിത്രങ്ങളിലെല്ലാം റിയ വേഷമിട്ടിരുന്നു. ഇപ്പോഴിതാ കോസ്മിക് സാംസണുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബാലതാരമായി അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് റിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

താന്‍ ചെറുതായിരുന്ന സമയത്ത് ഫസ്റ്റിലും സെക്കന്‍ഡിലും പഠിക്കുമ്പോള്‍ സിനിമ ചെയ്തിരുന്നുവെന്നും പിന്നീട് തേര്‍ഡ് സ്റ്റാന്‍ഡേര്‍ഡിലെത്തിയപ്പോള്‍ ഫ്രണ്ട്‌സിന്റെ കൂടെ കളിക്കണമെന്ന് പറഞ്ഞ് അഭിനയം നിര്‍ത്തുകയായിരുന്നുവെന്നും റിയ പറയുന്നു. ചെറിയ കുട്ടിയായിരുന്ന സമയത്ത് അഭിനയിക്കുമ്പോള്‍ പേടിയില്ലായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞുതരുന്നത് കേട്ട് നല്ലതുപോലെ ചെയ്യുക മാത്രമാണ് ചെയ്തതെന്നും താരം പറയുന്നു. അന്ന് കിട്ടിയ എക്‌സ്പീരിയന്‍സിലാണ് ഇപ്പോള്‍ പേടിയൊന്നുമില്ലാതെ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതെന്നും റിയ കൂട്ടിച്ചേര്‍ത്തു.

കോസ്മിക് സാംസണ്‍. Photo: District

അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന കോസ്മിക് സാംസണില്‍ അല്‍ഫോണ്‍സ് പുത്രന്‍, അല്‍ത്താഫ് സലീം, മുകേഷ്, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ റിലീസിനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതയിടുന്നത്.  കേരളത്തിന് പുറത്ത് വമ്പന്‍ ടീമുകളാണ് കോസ്മിക് സാംസണിന്റെ വിതരണക്കാര്‍. ബോളിവുഡിലെ മുന്‍നിര നിര്‍മാതാവായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Content Highlight: Actress Riya Jithu talks about her experience as child artist while talking at cosmic samson event

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more