വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടൈംഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്ററായി ഭൂട്ടാന്റെ റിത്ഷി ചോഡന്‍. നേപ്പാളിനെതിരായ ഒരു ടി-20 മത്സരത്തിനിടയില്‍ റിത്ഷി ചോഡന്‍ ക്രീസിലെത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ടൈം ഔട്ട് അപ്പീലിലൂടെ താരം പുറത്താകുന്നത്.
താരം ഫീല്‍ഡിലെത്താന്‍ 90 സെക്കന്‍ഡില്‍ കൂടുതല്‍ എടുത്തതോടെ ഫീല്‍ഡര്‍മാരുടെ അപ്പീല്‍ അമ്പയര്‍മാരായ സണ്‍ മെങ് യാവോയും അങ്കിത ഗുഹയും ശരിവെക്കുകയായിരുന്നു.
ടൈം ഔട്ട് പുറത്താകല്‍ ക്രിക്കറ്റിലെ നിയമത്തിലുള്ളതാണെങ്കിലും അത് ‘കളിയുടെ ആത്മാവിനെതിരെയാണ്’ എന്ന് പറഞ്ഞുകൊണ്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാള്‍ ടീമിന്റെ തീരുമാനത്തിന് ക്ഷമാപണം നടത്തിയിരുന്നു.
മലേഷ്യയിലെ മാന്റിനില്‍ നടന്ന എ.സി.സിയുടെ പ്രീമിയര്‍ കപ്പിലെ ചേസിങ്ങിന്റെ ആദ്യ പന്തിലാണ് സംഭവം നടന്നത്. ഓപ്പണര്‍ എന്‍ഗാവാങ് ചോഡന്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി അടുത്ത ബാറ്ററായ റിത്ഷി ചോഡന്‍ ഗ്രൗണ്ടില്‍ എത്താന്‍ വൈകിയതോടെയാണ് ടൈം ഔട്ടിലൂടെ പുറത്തായത്. ചോഡന്‍ ഗ്ലൗസും ഹെല്‍മെറ്റും ധരിച്ച് ഓടിച്ചെന്ന് ലെഗ് അമ്പയറുമായി സംസാരിച്ചു.
എന്നാല്‍ ചോഡന്‍ ക്രീസില്‍ എത്തിയപ്പോള്‍ ഫീല്‍ഡര്‍മാര്‍ ഒത്തുചേര്‍ന്ന് അപ്പീല്‍ ചെയ്തു. നേപ്പാള്‍ ബാറ്റര്‍ പൂജ മഹാതോ അമ്പയറുമായി വാക്കേറ്റം നടത്തി. തുടര്‍ന്നാണ് ചോഡന്‍ പുറത്തായെന്ന് അമ്പയര്‍മാര്‍ തീരുമാനമെടുത്തത്. ഒരു പന്തില്‍ പൂജ്യം റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ചോഡന്‍ കൂടാരാ കയറിയത്.
2023ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ സൂപ്പര്‍ ഏഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് ടൈം ഔട്ടിലൂടെ പുറത്താക്കിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ താരമെന്ന നിര്‍ഭാഗ്യ റെക്കോഡും താരത്തിന്റെ തലയില്‍ പതിച്ചിരുന്നു. ഇപ്പോള്‍ റിത്ഷി ചോഡനും മാത്യൂസിന്റെ അതേ വിധിയാണ് വന്നുചേര്‍ന്നത്.
അതേസമയം മത്സരത്തില്‍ നേപ്പാള്‍ 51 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങില്‍ 113ന് ഓള്‍ ഔട്ട് ആയ നേപ്പാള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭൂട്ടാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
Content Highlight: Ritshi Choden In Unwanted Record List After Angelo Matthews