| Thursday, 25th June 2026, 8:23 am

ഞാൻ കണ്ടതിൽവെച്ച് ഏറ്റവും ഫ്ലെക്സിബിൾ ആയിട്ടുള്ള നടൻ മമ്മൂട്ടിയാണ്: പൃഥ്വിരാജ്

നന്ദന. ടി

അഭിനയജീവിതത്തിന്റെ അൻപത് വർഷങ്ങൾ പിന്നിട്ടിട്ടും ഓരോ പുതിയ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. ദേശീയ പുരസ്‌കാരങ്ങൾ മുതൽ അടുത്തിടെ ലഭിച്ച പത്മഭൂഷൺ വരെ ഇന്ത്യൻ സിനിമയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ അടയാളപ്പെടുത്തുന്ന നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് നിരവധി അഭിനേതാക്കൾക്ക് പ്രചോദനമായിട്ടുണ്ട്. ഇപ്പോഴിതാ താൻ കണ്ടതിൽ വെച്ച് ഏറ്റവും ഫ്ലെക്സിബിൾ ആയിട്ടുള്ള നടൻ മമ്മൂട്ടിയാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ. തന്റെ പുതിയ ചിത്രമായ ‘ഐ നോബഡി’യുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ ആയിരുന്നു അദേഹത്തിന്റെ പ്രതികരണം.

പൃഥ്വിരാജ്.photo.screen grab/youtube

‘നമ്മളെ ഒരു സിനിമയോ കഥാപാത്രമോ ഒക്കെയാണ് പലപ്പോഴും പ്രചോദിപ്പിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയ നടൻ മമ്മൂക്കയാണ്. മമ്മൂക്കയെ ഏത് കഥാപാത്രമായി കണ്ടാലും അദ്ദേഹം അതുതന്നെയായി മാറിയിട്ടുണ്ടെന്ന തോന്നൽ എനിക്ക് ഉണ്ടായിട്ടുള്ളത്.

‘അമരം’ സിനിമയിലെ അച്ചൂട്ടിയായി കാണുമ്പോൾ അദ്ദേഹം ഒരു യഥാർഥ മുക്കുവനാണെന്ന് തോന്നും. ‘ദി കിംഗ്’ സിനിമയിൽ കളക്ടറായിട്ടാണ് കാണുന്നതെങ്കിൽ അതും അത്രത്തോളം വിശ്വസനീയമാകും. ആ രീതിയിൽ കഥാപാത്രങ്ങളിലേക്ക് പൂർണമായും ലയിച്ചുപോകാൻ കഴിയുന്ന നടനാണ് മമ്മൂക്ക. ഒരു അഭിനേതാവ് എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചിട്ടുള്ളതും അതാണ്,’ പൃഥ്വിരാജ് പറഞ്ഞു.

മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഇതിന് മുൻപും പൃഥ്വിരാജ് വാചാലനായിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത ‘ഭൂതക്കണ്ണാടി’ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് അദ്ദേഹം മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്. ഒരു പ്രധാന കഥാപാത്രത്തിന്റെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ് ആ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയമെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരുന്നു.

‘ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ മനസ്സിന്റെ സങ്കീർണതകളെയും അതിഗംഭീരമായി ദാർശനിക തലത്തിൽ അന്വേഷിക്കുന്ന സിനിമയാണ് ‘ഭൂതക്കണ്ണാടി’. ആ ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനം അവിശ്വസനീയമാണ്. ഇന്ത്യൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഞാൻ അതിനെ കാണുന്നത്,’ എന്നായിരുന്നു മറ്റൊരു അഭിമുഖത്തിൽ പൃഥ്വിരാജിന്റെ വാക്കുകൾ.

മമ്മൂട്ടി.photo.X

Content Highlight: Prithviraj calls mammootty as the most flexible  actor he has ever witnessed
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more