| Wednesday, 19th August 2026, 10:19 am

റിതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃസ്ഥാനം താത്‌ക്കാലികം; സ്റ്റേ അനുവദിക്കാതെ കൊൽക്കത്ത ഹൈക്കോടതി

ശ്രീലക്ഷ്മി പി.പി

കൊൽക്കത്ത: മമത ബാനർജി വിഭാഗത്തെ പിന്തുണയ്ക്കുന്ന ടി.എം.സി എം.എൽ.എ ശോഭൻദേബ് ചട്ടോപാധ്യായ നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് തീരുമാനിക്കുന്നതുവരെ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. പരമാവധി രണ്ട് മാസത്തേക്ക് ടി.എം.സി വിമത വിഭാഗം നേതാവ് റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ജസ്റ്റിസുമാരായ ശംപാ സർക്കാർ, അജയ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നിയമസഭാ സ്പീക്കർ രതീന്ദ്ര ബോസ് ജൂൺ മൂന്നിന് തൃണമൂൽ കോൺഗ്രസ് വിമത വിഭാഗം നേതാവ് റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ച തീരുമാനത്തിന് ഇടക്കാല സ്റ്റേ നൽകാൻ കൊൽക്കത്ത ഹൈക്കോടതി വിസമ്മതിച്ചു. എന്നാൽ റിതബ്രതയുടെ നിയമനം താത്‌ക്കാലികമാണെന്ന് കോടതി വ്യക്തമാക്കി.

സഭയിലെ തടസങ്ങളും ക്രമരഹിതമായ നടപടികളും ഒഴിവാക്കുന്നതിനാണ് സ്പീക്കറുടെ തീരുമാനത്തിന് സ്റ്റേ നൽകാത്തതെന്ന് കോടതി പറഞ്ഞു. അതിനാൽ ഇടക്കാല ക്രമീകരണമെന്ന നിലയിൽ റിതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും.

റിതബ്രത ബാനർജിയുടെയും ടി.എം.സി ചീഫ് വിപ്പായി നിയമിക്കപ്പെട്ട അഖ്റുസ്സമാന്റെയും നിയമനങ്ങൾ താത്ക്കാലികമായി മാത്രമേ പരിഗണിക്കാവൂ എന്നും കോടതി വ്യക്തമാക്കി. സ്പീക്കറുടെ തീരുമാനം രണ്ട് മാസത്തേക്കോ സിംഗിൾ ബെഞ്ച് പുറപ്പെടുവിക്കുന്ന തുടർ ഉത്തരവ് വരെയോ, ഏതാണ് ആദ്യം സംഭവിക്കുന്നത് അതുവരെ മാത്രമേ പ്രാബല്യത്തിൽ ഉണ്ടാകൂ.

സ്പീക്കർ ഇരുവിഭാഗങ്ങളെയും വിളിച്ചുവരുത്തി അവരുടെ പിന്തുണ തെളിയിക്കുന്ന രേഖകൾ പരിശോധിക്കേണ്ടിയിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പാർട്ടിയുടെ ഭരണഘടന, ചട്ടങ്ങൾ, പെരുമാറ്റച്ചട്ടം എന്നിവയും പരിഗണിക്കേണ്ടതായിരുന്നു. സ്പീക്കറുടെ നടപടി ജനാധിപത്യം, നിഷ്പക്ഷത, പക്ഷപാതരാഹിത്യം തുടങ്ങിയ തത്വങ്ങൾക്ക് വിരുദ്ധമായിരുന്നോ എന്നത് സിംഗിൾ ബെഞ്ച് വിശദമായി പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ടി.എം.സി ശോഭൻദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തിരുന്നു. എന്നാൽ റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ടി.എം.സി എം.എൽ.എമാർ സ്പീക്കർക്ക് പരാതി നൽകുകയായിരുന്നു. ശോഭൻദേബിനെ പിന്തുണച്ച് നൽകിയ കത്തിൽ നിരവധി എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി ചേർത്തിട്ടുണ്ടെന്നായിരുന്നു വിമത വിഭാഗത്തിന്റെ വിമർശനം.

തുടർന്നാണ് സ്പീക്കർ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. 80 ടി.എം.സി എം.എൽ.എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും റിതബ്രത അവകാശപ്പെട്ടിരുന്നു.

നിയമനത്തിനെതിരെ ശോഭൻദേബ് ചട്ടോപാധ്യായ ഹൈക്കോടതിയെ സമീപിച്ചു. ജൂൺ 19ന് ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ സിംഗിൾ ബെഞ്ച് സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിക്കുകയും അടുത്ത വാദം ജൂലൈ 28ന് നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ശോഭൻദേബ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു.

ഇപ്പോൾ ഡിവിഷൻ ബെഞ്ച് നൽകിയ നിർദേശ പ്രകാരം, സിംഗിൾ ബെഞ്ച് ഹരജിയിൽ തീരുമാനമെടുക്കുന്നതുവരെ റിതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും. എന്നാൽ ഈ നിയമനം സ്ഥിരമായ അംഗീകാരമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Content Highlight:Ritabrata Banerjee’s Opposition Leader Position Temporary; Calcutta High Court Refuses to Grant Stay.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more