| Tuesday, 2nd October 2018, 8:15 am

ബ്രൂവറി; നല്‍കിയത് ലൈസന്‍സ് അല്ല അനുമതി പത്രം മാത്രം; ഏത് സാഹചര്യത്തിലും റദ്ദാക്കാമെന്നും ഋഷിരാജ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബ്രൂവറി ആരംഭിക്കാന്‍ അനുമതി നല്‍കിയത് തന്റെ ഉത്തരവ് മറികടന്നാണെന്ന വാര്‍ത്ത തെറ്റാണെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്. നല്‍കിയത് ലൈസന്‍സ് അല്ലെന്നും അനുമതി മാത്രമാണെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നല്‍കിയ അനുമതിപത്രം ഏത് സാഹചര്യത്തിലും റദ്ദാക്കാന്‍ കഴിയും ഇപ്പോള്‍ ഈ അനുമതി പത്രം മാത്രമാണ് നല്‍കിയത്. ഇനി പരിസ്ഥിതി സംരക്ഷണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ്, റവന്യൂ വകുപ്പ്, എക്സൈസ്, പൊലീസ് എന്നിവരുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഭക്ഷ്യ സുരക്ഷാവകുപ്പ്, ലീഗല്‍ മെട്രോളജി, തദ്ദേശ വകുപ്പ് എന്നിവരുടെ അനുമതിയും ലഭ്യമായാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read ജലചൂഷണം നടത്തുന്ന കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; പാലക്കാട്ട് ബ്രൂവറി പ്ലാന്റ് വേണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍

നിലവില്‍ സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും 19 വിദേശമദ്യ നിര്‍മ്മാണ യൂണിറ്റുകളുമാണ് ഉള്ളത്. നിലവില്‍ കണ്ണൂരിലെ ശ്രീധരന്‍ ബ്രൂവറീസ്, പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ് ആന്‍ഡ് ബ്രൂവറീസ് , എറണാകുളത്ത് പവര്‍ ഇന്‍ഫ്രാടെക് എന്നീ കമ്പനികള്‍ക്കാണ് ബ്രൂവറി തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത

ശ്രീചക്ര ബ്രുവറീസ് 1998 ലെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 2017 ല്‍ വീണ്ടും അപേക്ഷിച്ചത്. അതിനാല്‍ 1998ലെ അപേക്ഷയുമായി ചേര്‍ത്ത് പരിശോധിക്കുകയാണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1998ലെ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നു കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേരളത്തില്‍ വില്‍ക്കുന്ന ബിയറില്‍ 40 ശതമാനത്തോളം ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. വിദേശ മദ്യത്തിന്റെ എട്ട് ശതമാനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് സംബന്ധിച്ച് കെ.എസ്.ബി.സി മാനേജിങ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രുവറി സംബന്ധിച്ച മൂന്ന് അപേക്ഷകള്‍ സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കിയത്. എന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more