ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ റിഷബ് ഷെട്ടി ചിത്രം കാന്തര ചാപ്റ്റര്‍ വണ്‍ ഒടി.ടി.യിലേക്ക്. ഒക്ടോബര്‍ 31 മുതല്‍ ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെടുമെന്നാണ് ഏറ്റവും പുതിയ അനൗണ്‍സ്‌മെന്റ്.
റിഷബ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം കന്നഡയിലും തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പുകളിലും ലഭ്യമാകും. അതേസമയം ഹിന്ദി ഡബ്ബിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിര്‍മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 800 കോടിക്ക് മുകളിലാണ് കാന്താരയുടെ കളക്ഷന്‍. ബോളിവുഡിനെ വെട്ടി ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ കന്നഡ ഇന്‍ഡസ്ട്രി സ്വന്തമാക്കുകയും ചെയ്തിരുന്നു. രണ്ടാം തവണയാണ് ഒരു കന്നഡ ചിത്രം ഇന്ത്യയില്‍ ഇയര്‍ ടോപ്പറാകുന്നത്.
കാന്താരയുടെ ആദ്യ ഭാഗവും ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ആദ്യഭാഗം 400 കോടിയിലധികം നേടിയപ്പോള്‍ രണ്ടാം ഭാഗം അതിന്റെ ഇരട്ടി കളക്ഷനാണ് സ്വന്തമാക്കിയത്.
ദക്ഷിണ കര്‍ണാടകയില്‍ കണ്ടുവരുന്ന ഭൂതക്കോലം എന്ന അനുഷ്ഠാന കലയെ ആസ്പദമാക്കി 2022ല്‍ പുറത്തിറക്കിയ ചിത്രമാണ് കാന്താര. കര്‍ണാടകയില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിന്റെ പ്രീക്വലായാണ് കാന്താര ചാപ്റ്റര്‍ വണ്‍ എത്തിയത്.
Content highlight: Rishabh Shetty’s film Kantara Chapter One is coming to OTT