| Monday, 10th August 2026, 3:34 pm

ഇന്ത്യക്കാരില്‍ ആര്‍ക്കുമില്ലാത്ത 'സെഞ്ച്വറി' അടിക്കാന്‍ പന്ത്; ചരിത്രം അരികെ

സുദേവ് എ

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്.

റെഡ് ബോളില്‍ കഴിഞ്ഞ സമീപകാലങ്ങളില്‍ ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

വിക്കറ്റ് കീപ്പറായി റിഷബ് പന്താണ് ടീമില്‍ ഇടം നേടിയത്. പരമ്പരയില്‍ തിളങ്ങാന്‍ പന്തിന് സാധിച്ചാല്‍ ഒരു ചരിത്ര നേട്ടവും കൈപ്പിടിയിലാക്കാനാവും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 100 സിക്സുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പന്തിന്റെ മുന്നിലുള്ളത്. ഇതുവരെ 50 ടെസ്റ്റില്‍ 87 ഇന്നിങ്‌സുകളില്‍ നിന്നും 97 സിക്സുകളാണ് പന്തിന്റെ അക്കൗണ്ടിലുള്ളത്,

മൂന്ന് സിക്സുകള്‍ നേടാനായാല്‍ സിക്സുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ പന്തിന് സാധിക്കും. ടെസ്റ്റില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് 100 സിക്സുകള്‍ നേടിയിട്ടുള്ളൂ. ബെന്‍ സ്റ്റോക്സ്, ബ്രെണ്ടന്‍ മക്കല്ലം, ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടിട്ടുള്ളത്. മൂന്ന് സിക്സുകള്‍ കൂടി നേടിയാല്‍ ഈ ലിസ്റ്റില്‍ നാലാമനാവാനും പന്തിന് സാധിക്കും.

Photo: BCCI/x.com

അഫ്ഗാനിസ്ഥാനെതിരെയുള്ള വണ്‍ ഓഫ് ടെസ്റ്റില്‍ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. അഫ്ഗാനെതിരെ 121 പന്തുകള്‍ നേരിട്ട് 81 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്സറുകളും ആറ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോറുടെ ഇന്നിങ്‌സ്. ഈ പ്രകടനം ലങ്കക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ഈ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സിനും ഡിക്ലയര്‍ ചെയ്തു. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 ഡിക്ലയര്‍ ചെയ്‌തെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ടെസ്റ്റിലും ഇന്ത്യക്ക് ഈ ആധിപത്യം പുലര്‍ത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ഔഖിബ് നബി ധാര്‍.

Content Highlight: Rishabh Pant waiting for a new milestone in test cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more