മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിസ് വോക്‌സിന്റെ ടോ ക്രഷര്‍ യോര്‍ക്കര്‍ പറന്നിറങ്ങിയത് ഓരോ ഇന്ത്യന്‍ ആരാധകന്റെയും ഇടനെഞ്ചിലേക്ക് കൂടിയായിരുന്നു. ആ ഡെലിവെറിയേറ്റുവീണ റിഷബ് പന്ത് അനുഭവിച്ച ഈ വേദന ഓരോ ആരാധകനും അനുഭവപ്പെട്ടു.
എന്നാല്‍ ഇന്നിങ്‌സിന്റെ ആദ്യ ദിവസം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയ റിഷബ് പന്ത് രണ്ടാം ദിവസം തിരികെ ക്രീസിലെത്തിയത് ഇംഗ്ലണ്ട് ആരാധകരെ പോലും ഒന്നടങ്കം ഞെട്ടിച്ചു. ആറ് ആഴ്ച വിശ്രമം വേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കവെയാണ് പന്ത് സ്വന്തം വേദന കടിച്ചമര്‍ത്തി ക്രീസിലെത്തിയത്.
വേച്ചുവേച്ച് കളത്തിലിറങ്ങിയ പന്ത് ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ജോഫ്രാ ആര്‍ച്ചറിന് മുമ്പില്‍ ഒരിക്കല്‍ക്കൂടി തോല്‍ക്കേണ്ടി വന്നെങ്കിലും ക്രിക്കറ്റ് ലോകമൊന്നാകെ പന്തിന് വേണ്ടി കയ്യടിച്ചു.
പരിക്കേറ്റ കാലുമായി ക്രീസിലേക്ക് മുടന്തി നടന്ന പന്ത് തിരികെ ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചുനടന്നത് ഒന്നാം സ്ഥാനക്കാരനായിട്ടാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായാണ് പന്ത് ചരിത്രമെഴുതിയത്. ഇതിനായി മറികടന്നതാകട്ടെ രോഹിത് ഗുരുനാഥ് ശര്‍മയെന്ന മുന്‍ ഇന്ത്യന്‍ നായകനെയും.
റിഷബ് പന്ത്
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളെ പരിശോധിക്കാം,
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ 67 ഇന്നിങ്‌സില്‍ നിന്നുമാണ് റിഷബ് പന്ത് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 43.34 എന്ന മികച്ച ശരാശരിയില്‍ ബാറ്റ് വീശുന്ന താരം ആറ് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്തിട്ടുണ്ട്. 146 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഇതിനൊപ്പം 73 സിക്‌സറുകളുംമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തും പന്ത് ഇടം നേടിയിട്ടുണ്ട്. 83 സിക്‌സറടിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഒന്നാമന്‍.
ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പ് ഈ റെക്കോഡില്‍ ഒന്നാമന്‍ രോഹിത് ശര്‍മയായിരുന്നു. 40 മത്സരത്തിലെ 69 ഇന്നിങ്‌സില്‍ നിന്നുമാണ് രോഹിത് ഇത്രയും റണ്‍സടിച്ചത്.
2019 മുതല്‍ 224 വരെയുള്ള തന്റെ ഡബ്ല്യൂ.ടി.സി കരിയറില്‍ എട്ട് അര്‍ധ സെഞ്ച്വറികളും ഒമ്പത് സെഞ്ച്വറിയും രോഹിത് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 41.15 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഈ റെക്കോഡില്‍ മൂന്നാമന്‍. 46 മത്സരത്തിലെ 79 ഇന്നിങ്‌സില്‍ നിന്നും 35.36 ശരാശരിയിലാണ് വിരാട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്‌കോര്‍ ചെയ്തത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ പേരിലുള്ളത്. 2019 ഒക്‌ടോബറില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ നേടിയ 254 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് പട്ടികയിലെ നാലാമന്‍. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും വിരാടിന് തൊട്ടുതാഴെ ഗില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. താരത്തിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ വിരാടിനെ വൈകാതെ മറികടക്കുകയും ചെയ്‌തേക്കും.
66 ഇന്നിങ്‌സില്‍ നിന്നും 41.18 ശരാശരിയിലാണ് ഗില്‍ സ്‌കോര്‍ ചെയ്യുന്നത്. എട്ട് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നേടിയ 269 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ പട്ടികയിലെ അഞ്ചാമന്‍. 65 ഇന്നിങ്‌സില്‍ നിന്നും 40.58 ശരാശരിയിലാണ് ജഡ്ഡു 2232 റണ്‍സടിച്ചത്. മൂന്ന് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സ്വന്തമാക്കിയത്.
Content highlight: Rishabh Pant tops the list of most runs by an Indian in WTC