| Wednesday, 5th November 2025, 3:28 pm

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്ത്; സൂപ്പര്‍ താരം പുറത്തിരിക്കും; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷബ് പന്ത് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 30ന് ആരംഭിക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ക്ക് ഇടം നേടാന്‍ കഴിഞ്ഞേക്കില്ല. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഗുരുതരമായി പരിക്ക് പറ്റിയ അയ്യര്‍ വിശ്രമത്തിലാണ്. അയ്യര്‍ക്ക് പകരമായിരിക്കും പന്തിന്റെ തിരിച്ചുവരവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 25ന് നടന്ന മൂന്നാം ഏകദിനത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിടെയായിരുന്നു അയ്യര്‍ക്ക് ഇടത് വാരിയെല്ലിന് പരിക്ക് പറ്റിയത്.

34ാം ഓവറില്‍ കാരിയെ പുറത്താക്കാന്‍ ശ്രേയസ് 12.75 മീറ്റര്‍ ഓടിയാണ് പന്ത് കൈപ്പിടിയില്‍ ഒതുക്കിയത്. ക്യാച്ചിനിടെ നിലത്ത് വീണപ്പോള്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. മത്സരത്തിനിടെ തന്നെ താരത്തെ കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഏകദിനത്തില്‍ അയ്യര്‍ക്ക് 73 മത്സരങ്ങളില്‍ നിന്ന് 2917 റണ്‍സ് നേടിയിട്ടുണ്ട്. 128* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. മികച്ച പ്രകടനങ്ങളുണ്ടായിട്ടും ടീമില്‍ ഇടം നേടാന്‍ താരത്തിന് പലപ്പോഴും സാധിച്ചിരുന്നില്ല. നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ തിരിച്ചെത്തിയിട്ടും താരം പരിക്കിന്റെ പിടിയിലായത് ഏറെ നിരാശാ ജനകമാണ്.

അതേസയമം സൗത്ത് ആഫ്രിക്ക എയ്ക്കെതിരായ ഇന്ത്യന്‍ ടീമിന്റെ നായകനാണ് റിഷബ് പന്ത്. പ്രോട്ടിയാസിനെതിരെ ആദ്യ മത്സരത്തല്‍ ഇന്ത്യ എയെ വിജയത്തിലെത്തിക്കാന്‍ ഇന്ത്യ എയ്ക്ക് സാധിച്ചിരുന്നു. അണ്‍ ഒഫീഷ്യല്‍ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 20 പന്തില്‍ 17 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ 113 പന്തില്‍ നിന്ന് ഇന്ത്യയ്ക്ക് വേണ്ടി 90 റണ്‍സ് നേടി മിന്നും പ്രകടനംവും പന്ത് കാഴ്ചവെച്ചു.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പക്യടനത്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20കളുമാണുള്ളത്.

Content Highlight: Rishabh Pant to replace Shreyas Iyer in South Africa tour
We use cookies to give you the best possible experience. Learn more