സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.
സൗത്ത് ആഫ്രിക്ക: 159 & 153
ഇന്ത്യ: 189 & 93
ടാര്‍ഗറ്റ്: 124
മത്സര ശേഷം ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് സംസാരിച്ചിരുന്നു. മത്സരത്തില്‍ സമ്മര്‍ദം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നെന്നും തെംബയുടെയും ബോഷിന്റെയും കൂട്ടുകെട്ട് സൗത്ത് ആഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായകമായെന്നും പന്ത് പറഞ്ഞു.
‘ഞങ്ങള്‍ ഈ ടോട്ടല്‍ മറികടക്കേണ്ടതായിരുന്നു. സമ്മര്‍ദം ഞങ്ങളുടെ മേല്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു, പക്ഷേ ഞങ്ങള്‍ വേണ്ടത്ര മുതലെടുത്തില്ല. തെംബയും ബോഷും നല്ലൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും തമ്മിലുള്ള ആ പങ്കാളിത്തം ഞങ്ങളെ ബാധിച്ചു.
പിച്ച് സ്പിന്നര്‍മാര്‍ക്ക് സഹായകമായിരുന്നു. ഈ പിച്ചുകളില്‍ 120 റണ്‍സ് നേടുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാലും സമ്മര്‍ദം ഉള്‍ക്കൊണ്ട് സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ കഴിയണം. മത്സരം ഇപ്പോള്‍ കഴിഞ്ഞു, മെച്ചപ്പെടുത്തലുകളെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല, പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും ശക്തമായി തിരിച്ചുവരും,’ പന്ത് മത്സര ശേഷം പറഞ്ഞു.
മത്സര ശേഷം മുന്‍ ഇന്ത്യ സ്പിന്നര്‍ അനില്‍ കുംബ്ലെയും മുന്‍ പ്രോട്ടിയാസ് പേസര്‍ ഡെയ്ല്‍ സ്റ്റെയ്നും കൊല്‍ക്കത്തയിലെ പിച്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു. പിച്ച് വളരെ മോശമായിരുന്നു എന്നായിരുന്നു ഇരുവരുടേയും അഭിപ്രായം. അതേസമയം കൊല്‍ക്കത്ത പിച്ചിന് ഒരു പ്രശ്‌നവുമില്ലായിരുന്നു എന്നാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ മത്സര ശേഷം പറഞ്ഞത്.
മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി പിടിച്ച് നിന്നത്. 92 പന്തില്‍ 31 റണ്‍സെടുത്താണ് സുന്ദര്‍ മടങ്ങിയത്. രവീന്ദ്ര ജഡേജ 26 പന്തില്‍ 18 റണ്‍സും അക്‌സര്‍ പട്ടേല്‍ 17 പന്തില്‍ 26 റണ്‍സും എടുത്ത് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. പരിക്കേറ്റ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ സൗത്ത് ആഫ്രിക്ക വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രോട്ടീയാസിനായി സൈമണ്‍ ഹാര്‍മാര്‍ നാല് വിക്കറ്റ് വീഴ്ത്തി മികവ് പുലര്‍ത്തി. മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Rishabh Pant Talking About Indian Lose Against South Africa In Edan Gardens