ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ തയ്യാറായെന്ന് പറയുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റില്‍ കാല്‍ വിരലിന് ഗുരുതരമായി പരിക്കേറ്റ പന്ത് ആറ് ആഴ്ചയോളം ചികിത്സയിലായിരുന്നു.
പരിക്കേറ്റതില്‍ താന്‍ നിരാശനായിരുന്നെന്നും ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സന്തോഷം തരുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നതും അവയെ മുറുകെ പിടിക്കേണ്ടതും പ്രധാനമാണെന്നും പന്ത് പറഞ്ഞു. മാത്രമല്ല താന്‍ ഇപ്പോള്‍ പൂര്‍ണമായും ആരോഗ്യവാനാണെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
‘മാനസികമായി ശക്തനാകേണ്ടത് പ്രധാനമാണ്. നിങ്ങളുടെ എനര്‍ജി കുറയുമ്പോള്‍ നിങ്ങള്‍ നിരാശരാകാന്‍ തുടങ്ങും. നിങ്ങള്‍ ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നതും അവയെ മുറുകെ പിടിക്കേണ്ടതും പ്രധാനമാണ്.
ആദ്യകാലങ്ങളില്‍ ഫിസിയോതറാപ്പിയും ശ്രദ്ധാപൂര്‍വമായ നിരീക്ഷണവും ആവശ്യമായിരുന്നു. പരിക്കില്‍ പുരോഗതി വന്നതോടെ, സ്‌ട്രെങ്ത് വീണ്ടെടുക്കാന്‍ ഞാന്‍ പ്രയത്‌നിച്ചു. എന്റെ വീണ്ടെടുക്കലിന്റെ രണ്ടാം ഘട്ടമായിരുന്നു അത്. ഞാനിപ്പോള്‍ പൂര്‍ണമായും സുഖം പ്രാപിച്ചു, കോ സ്റ്റാഫിന്റെ സഹായത്തിന് നന്ദി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 82 ഇന്നിങ്‌സുകള്‍ കളിച്ച പന്ത്. 3427 റണ്‍സ് നേടിയിട്ടുണ്ട്. 159* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 44.5 എന്ന ആവറേജിലാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. ഫോര്‍മാറ്റില്‍ എട്ട് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും പന്ത് നേടി.
നിലവില്‍ സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ നായകനാണ് റിഷബ് പന്ത്. അണ്‍ ഒഫീഷ്യല്‍ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 20 പന്തില്‍ 17 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക എ 309 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 234 റണ്‍സും നേടി. രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസ് ബാറ്റിങ് തുടരുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എന്ന നിലയിലാണ്. മാത്രമല്ല 211 ലീഡും ടീം നേടി.