| Thursday, 16th January 2025, 8:39 pm

സാക്ഷാല്‍ മുരളീധരനെയോ ഷെയ്ന്‍ വോണിനെയോ അല്ല, ആ രണ്ട് ഇതിഹാസങ്ങളെ നേരിടണം; ഇതാ പന്തിന്റെ ആഗ്രഹം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കാലത്തില്‍ നിന്നുള്ള ബൗളര്‍മാരില്‍ ആരെ നേരിടണം എന്ന ചോദ്യത്തിന് ഉത്തരവുമായി റിഷബ് പന്ത്. എക്‌സില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പന്ത്.

ആര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് ഏറ്റവുമധികം ആസ്വദിച്ചത്? കഴിഞ്ഞ കാലത്തില്‍ നിന്നുള്ള ഏത് ബൗളരെ നേരിടാനാണ് ഇഷ്ടം? എന്നാണ് ആരാധകന്‍ ചോദിച്ചത്.

എതിരാളികളെ കുറിച്ചുള്ള ചോദ്യത്തിന് ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ വെച്ച് നേരിടുന്നത് എന്നാണ് പന്ത് മറുപടി നല്‍കിയത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ പല മികച്ച ഇന്നിങ്‌സുകളും പന്ത് കാഴ്ചവെച്ചിരുന്നു. നേരത്തെ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഗാബ കീഴടക്കിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചത് പന്തായിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പന്തിനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തതും.

ഇത്തവണത്തെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും പന്ത് ചില മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. സിഡ്‌നിയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും പന്തിന്റെ പ്രകടനം മികച്ചു നിന്നു.

29 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പന്ത് ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. 2022ല്‍ ശ്രീലങ്കയ്‌ക്കെതിരെ 28 പന്തില്‍ പന്തില്‍ ഫിഫ്റ്റിയടിച്ച പന്ത് തന്നെയാണ് ലിസ്റ്റില്‍ ഒന്നാമന്‍.

നേരിടാന്‍ താത്പര്യപ്പെടുന്ന ബൗളര്‍മാര്‍ ആരെന്ന ചോദ്യത്തിന് ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, വസീം അക്രം, അനില്‍ കുംബ്ലെ, ഗ്ലെന്‍ മഗ്രാത് എന്നിവരെയെല്ലാം മറികടന്ന് വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സായ കോട്‌നി വാല്‍ഷിനെയും കര്‍ട്‌ലി ആംബ്രോസിനെയുമാണ് പന്ത് തെരഞ്ഞെടുത്തത്.

കോട്‌നി വാല്‍ഷും കര്‍ട്‌ലി ആംബ്രോസും

അതേസമയം, റിഷബ് പന്ത് രഞ്ജി ട്രോഫിയില്‍ ദല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സൗരാഷ്ട്രയ്ക്കെരിതായ മത്സരത്തിനുള്ള സ്‌ക്വാഡ് ദല്‍ഹി ഡിസ്ട്രിക്സ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) ജനുവരി 17ന് പുറത്തുവിടും. വിജയം അനിവാര്യമായ മത്സരത്തില്‍ ദല്‍ഹി പന്തിനെ തന്നെ ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘നാളെ ഉച്ചയ്ക്ക് ശേഷം ഒരു സെലക്ഷന്‍ മീറ്റിങ് വിളിച്ചുചേര്‍ക്കുന്നുണ്ട്, സൗരാഷട്രയ്ക്കെതിരായ എവേ മത്സരത്തില്‍ റിഷബ് പന്തിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതകളേറെയാണ്,’ മുതിര്‍ന്ന ഡി.ഡി.സി.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, വിരാട് കോഹ്‌ലി ടീമിന്റെ ഭാഗമാകുമോ എന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല.

Content Highlight: Rishabh Pant selects Curtly Ambrose and Courtney Walsh as the bowlers from the past like to face

We use cookies to give you the best possible experience. Learn more