സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ എ ടീമില്‍ മുംബൈ താരം സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താത്തതിന് കാരണം റിഷബ് പന്തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സൗത്ത് ആഫ്രിക്കക്ക് എതിരെ മത്സരത്തിനായി ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചത്. പരിക്ക് പറ്റി കളത്തിന് പുറത്തായ പന്തിനെ ക്യാപ്റ്റനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
രണ്ട് ഫോര്‍ ഡേ മത്സരത്തിനായി രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബി.സി.സി.ഐ പുറത്ത് വിട്ടത്. ഈ രണ്ട് ടീമിലും സര്‍ഫറാസ് ഖാന്‍ ഉള്‍പ്പെട്ടിരുന്നില്ല. രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും താരത്തിന് ടീമിന് അവസരം ലഭിക്കാതിരിക്കുകയായിരുന്നു. പന്ത് ടീമിലേക്ക് തിരിച്ചെത്തിയതാണ് ഇതിന് കാരണമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മുംബൈക്കായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് സര്‍ഫറാസിന് വിനയായതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ടിലെ സൂചന. പന്ത് രണ്ട് മത്സരങ്ങളിലും ഈ സ്ഥാനത്താണ് ബാറ്റിങ്ങിനെത്തുക. അതിനാല്‍ തന്നെ ഈ സ്ഥാനത്തേക്ക് താരത്തിന് അവസരമുണ്ടാവില്ല.
സര്‍ഫറാസ് ടീമിലേക്ക് അവസരം ലഭിക്കാന്‍ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ ശ്രമിക്കണമെന്ന് ഒരു മുന്‍ ഇന്ത്യന്‍ ടീം സെലക്ടറെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘സര്‍ഫറാസ് ഖാന്‍ മുംബൈ ടീം മാനേജ്‌മെന്റിനോടും അജിന്‍ക്യ രഹാനയോടും സംസാരിച്ച് മൂന്നാം നമ്പറില്‍ കളിക്കാന്‍ ശ്രമിക്കണം. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിക്കുന്നത് തുടര്‍ന്നാല്‍ അവന് ടീമിലേക്ക് അവസരം ലഭിക്കില്ല.
ആ സ്ഥാനങ്ങളിലേക്ക് ഓള്‍റൗണ്ട് പ്രകടനങ്ങള്‍ നടത്തുന്ന പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ പോലുള്ള താരങ്ങളുണ്ട്. പന്തിന് പരിക്ക് പറ്റിയാലും ധ്രുവ് ജുറെല്‍ ഉള്ളതിനാല്‍ ഈ സ്ഥാനത്ത് സര്‍ഫറാസിന് അവസരം ലഭിക്കില്ല,’ മുന്‍ ഇന്ത്യന്‍ ടീം സെലക്ടര്‍ പി.ടി.ഐയോട് പറഞ്ഞു.
Content Highlight: Rishabh Pant’s return is the reason behind Sarfaraz Khan’s India A exclusion: Report